കോടതിയലക്ഷ്യം: ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പു പറയണം: ഹൈക്കോടതി


 
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പു പറയണമെന്ന് ഹൈക്കോടതി. ജനങ്ങള്‍ക്കു കോടതിയില്‍ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ബൈജു കൊട്ടാരക്കരയുടെ നടപടിയെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

വിചാരണക്കോടതി ജഡ്ജിക്കെതിരെ പരാമര്‍ശം നടത്തിയതില്‍ എടുത്ത കോടതിയലക്ഷ്യക്കേസിലാണ് നടപടി. ചാനല്‍ ചര്‍ച്ചയിലാണ് ബൈജു കൊട്ടാരക്കര വിചാരണക്കോടതി ജഡ്ജിക്കെതിരെ സംസാരിച്ചത്. ചാനലിലൂടെ തന്നെ മാപ്പു പറയാമെന്ന് ബൈജുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ജ്യൂഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് നേരത്തെ കോടതിയില്‍ നേരിട്ട് ഹാജരായി ബൈജു കൊട്ടാരക്കര അറിയിച്ചിരുന്നു. പരാമര്‍ശത്തില്‍ മാപ്പു ചോദിക്കുന്നുവെന്നും ബൈജു പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം രേഖാമൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. 

ബൈജു കൊട്ടാരക്കരയുടെ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

വിചാരണക്കോടതി ജഡ്ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് നടത്തിയതെന്നു ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ നല്‍കിയ ഡ്രാഫ്റ്റ് ചാര്‍ജില്‍ പറയുന്നു. ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങളാണ് നടത്തിയത്. ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതും കോടതിയുടെ അധികാരത്തെ താഴ്ത്തിക്കെട്ടുന്നതുമാണെന്നും ചാര്‍ജില്‍ പറഞ്ഞു.

أحدث أقدم