​​ഒറ്റനോട്ടത്തില്‍ സ്റ്റീല്‍ ബോംബ്, ജാഗ്രതയോടെ പോലീസ് തുറന്നപ്പോൾ മൈദ, പറ്റിച്ചതാര്?


കോഴിക്കോട് : കഴിഞ്ഞദിവസം കൊയിലാണ്ടിക്കടുത്തെ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിനു സമീപത്തുനിന്നും കണ്ടെത്തിയത് വ്യാജ ബോംബെന്ന് പോലീസ്. ബോംബെന്ന നിഗമനത്തില്‍ കസ്റ്റഡിയിലെടുത്ത സ്റ്റീല്‍ പാത്രങ്ങള്‍ക്കുള്ളില്‍ മൈദമാവാണ് ഉണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. ഒറ്റനോട്ടത്തില്‍ സ്റ്റീല്‍ ബോംബെന്നു തോന്നിക്കുന്ന ഇവ നിര്‍വീര്യമാക്കുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാല്‍ ഇതിനൊപ്പം കണ്ടെടുത്ത വടിവാള്‍ ഇരുമ്പില്‍ നിര്‍മിച്ചതാണെന്നു വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് പിഷാരികാവ് ഗ്രൗണ്ടിനു സമീപത്തെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയില്‍ മൂന്നു സ്റ്റീല്‍ ബോബുകള്‍ കണ്ടെത്തിയത്. സമീപവാസികളാണ് ഇത് ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാറിൻ്റെ നേതൃത്വത്തില്‍ കൊയിലാണ്ടി പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ഇവ കസ്റ്റഡിയില്‍ എടുത്തു. സമീപപ്രദേശങ്ങളിലെല്ലാം പരിശോധന നടത്തുകയും ചെയ്തു. പരിഭ്രാന്തി പടര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരോ ചെയ്ത പണിയായിരിക്കും ഇതാണ് എന്നാണ് പോലീസ് കരുതുന്നത്. ബോംബിൻ്റെ വ്യാജനിര്‍മിതിയാണെന്നു വ്യക്തമായിട്ടുണ്ടെങ്കിലും അന്വേഷണം തുടരാനാണ് പോലീസ് തീരുമാനം.

أحدث أقدم