ശബരിമല ഡ്യൂട്ടിയ്ക്കെത്തുന്ന പൊലീസുകാർക്ക് നൽകിയിരുന്ന സൗജന്യ ഭക്ഷണ സൗകര്യം പിൻവലിച്ച് ആഭ്യന്തര വകുപ്പ്





 പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയ്ക്കെത്തുന്ന പൊലീസുകാർക്ക് നൽകിയിരുന്ന സൗജന്യ ഭക്ഷണ സൗകര്യം പിൻവലിച്ച് ആഭ്യന്തര വകുപ്പ്. അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

 പൊലീസുകാരുടെ പ്രതിദിന അലവൻസിൻ നിന്ന് ഭക്ഷണം കഴിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

 സൗജന്യ ഭക്ഷണ സൗകര്യം പിൻവലിച്ചതിനെതിരെ സേനയിൽ അതൃപ്തി ശക്തമാവുകയാണ്. ശബരിമലയിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് വർഷങ്ങളായി നൽകിവന്നിരുന്ന സൗജന്യ മെസ് സൗകര്യമാണ് പിൻവലിച്ചിരിക്കുന്നത്.

 കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തായിരുന്നു ഭക്ഷണത്തിനുള്ള ഇളവ് ആദ്യമായി അനുവദിച്ച് നൽകുന്നത്. പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാർ ഇത് പൂർണമായും സൗജന്യമാക്കുകയായിരുന്നു.

 പൊലീസുകാരുടെ ഭക്ഷണത്തിനുള്ള മുഴുവൻ തുകയും സർക്കാരാണ് നൽകിയിരുന്നത്. ഇനിമുതൽ സൗജന്യഭക്ഷണം നൽകാനാവില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.

ശബരിമലയിൽ ഡ്യൂട്ടിയുള്ള എല്ലാ പൊലീസുകാരും ചേർന്ന് മെസ് കമ്മിറ്റിയുണ്ടാക്കണമെന്നാണ് സർക്കാരിന്റെ പുതിയ നിർദേശം. പൊലീസുകാർക്ക് ദിവസേന നൽകുന്ന അലവൻസിൽ നിന്ന് നൂറ് രൂപ ഈടാക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നു. ഇത് സേനയ്ക്കുള്ളിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.


أحدث أقدم