കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു


കണ്ണൂര്‍: കെപിസിസി അംഗവും മുന്‍ കണ്ണൂര്‍ ഡിസിസി അധ്യക്ഷനുമായ സതീശന്‍ പാച്ചേനി അന്തരിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19നാണ് സതീശൻ പാച്ചേനിയെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവരടക്കമുള്ള നേതാക്കൾ എത്തിയിരുന്നു. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സതീശന്‍ പാച്ചേനി കേവലം രണ്ടായിരത്തിലേറെ വോട്ടുകള്‍ക്കാണ് രാമചന്ദ്രന്‍ കടന്നപ്പള്ളിയോട് പരാജയപ്പെട്ടത്. ഇതിനു ശേഷം ഡിസിസി അധ്യക്ഷ പദവിയൊഴിഞ്ഞ അദ്ദേഹത്തെ കെപിസിസി ഭാരവാഹിത്വത്തിലേക്ക് പരിഗണിച്ചിരുന്നില്ല  കോണ്‍ഗ്രസിന് ജില്ലയിൽ സ്വന്തമായി ഒരു ആസ്ഥാനമന്ദിരമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായത് സതീശന്‍ പാച്ചേനിയുടെ കാലത്താണ്. പത്തുവര്‍ഷത്തിലേറെ നീണ്ട ഡി സി സി ഓഫീസ് നിര്‍മാണത്തിനായി സ്വന്തം തറവാട് വീട് വിറ്റു പണം കണ്ടെത്തിയ ത്യാഗനിര്‍ഭരനായ നേതാവായാണ് പാച്ചേനി അറിയപ്പെടുന്നത്. 2001ല്‍ മലമ്പുഴയില്‍ വിഎസിനോട് വെറും 4703 വോട്ടുകള്‍ക്കായിരുന്നു പാച്ചേനി പരാജയപ്പെട്ടത്. 2009ല്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ എംബി രാജേഷിനെതിരെ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടത് 1800ല്‍പ്പരം വോട്ടുകള്‍ക്ക് മാത്രമാണ്.

أحدث أقدم