കാർഗിൽ: ഇന്ത്യ എല്ലായ്‌പ്പോഴും യുദ്ധത്തെ അവസാന ആശ്രയമായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി മോദി. എന്നാൽ, രാജ്യത്തിന് എതിരെ ദുഷ്ടലാക്കോടെ തിരിയുന്ന ആര്‍ക്കും മറുപടി കൊടുക്കാന്‍ ഇന്ത്യയുടെ സായുധ സേനയ്ക്ക് ശക്തിയും തന്ത്രങ്ങളുമുണ്ടെന്നും മോദി കൂട്ടിചേര്‍ത്തു. ദീപാവലി ദിനത്തില്‍ സൈനികരുമായി സംവദിക്കുകയായിരുന്നു മോദി. ദീപാവലി "ഭീകരതയുടെ അവസാനത്തിന്‍റെ ആഘോഷത്തിന്‍റെ" പ്രതീകമാണെന്നും മോദി അഭിപ്രായപ്പെട്ടു.
'ഞാൻ കാർഗിൽ യുദ്ധം അടുത്ത് കണ്ടിട്ടുണ്ട്.' 1999-ലെ കാർഗിൽ സംഘർഷത്തിന് ശേഷം കാര്‍ഗില്‍ സന്ദര്‍ശിച്ചതും മോദി ഓര്‍ത്തെടുത്തു. അന്ന് എന്നെ കാർഗിലിൽ എത്തിച്ചത് എന്‍റെ കടമയാണ്. വിജയത്തിന്‍റെ ശബ്ദം ചുറ്റുപാടും അലയടിക്കുന്ന ആ കാലത്തിന്‍റെ ഒത്തിരി ഓർമ്മകളുണ്ടെന്നും മോദി പറഞ്ഞു. കാർഗിലിൽ നമ്മുടെ സായുധ സേന ഭീകരതയുടെ മൂർദ്ധന്യത്തെ തകർത്തു. അന്ന് ആഘോഷിച്ച ദീപാവലി ജനങ്ങൾ ഇപ്പോഴും ഓർക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ എട്ട് വർഷമായി, സായുധ സേനയിൽ പുതിയ സാങ്കേതികവിദ്യകൾ വിന്യസിച്ചും, അതിർത്തി പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും, സ്ത്രീകൾക്ക് സൈന്യത്തിലേക്കുള്ള വഴികള്‍ തുറന്ന് കൊടുത്തും സർക്കാർ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്ത്രീകളെ സായുധ സേനയിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ സൈനിക ശക്തി വർദ്ധിപ്പിക്കുമെന്നും മോദി സൈനികരെ അഭിസംബോധന ചെയ്തു പറഞ്ഞു. പതിറ്റാണ്ടുകളായി സായുധ സേനയിൽ ആവശ്യമായ പരിഷ്കാരങ്ങൾ ഇപ്പോൾ നടപ്പിലാക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതിർത്തികൾ സുരക്ഷിതവും സമ്പദ്‌വ്യവസ്ഥ ശക്തവും സമൂഹം ആത്മവിശ്വാസം നിറഞ്ഞതുമാകുമ്പോൾ ഒരു രാഷ്ട്രം സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാഹ്യവും ആഭ്യന്തരവുമായ ശത്രുക്കളെ ഇന്ത്യ ശക്തിയോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. "ഭീകരതയും നക്സലിസവും തീവ്രവാദവും" രാജ്യത്തിനകത്ത് നിന്നുള്ള വെല്ലുവിളികളാണ്. ഇന്ത്യ ഒരിക്കലും യുദ്ധത്തെ ആദ്യ സാധ്യതയായി പരിഗണിച്ചിട്ടില്ല. ഇന്ത്യ എല്ലായ്‌പ്പോഴും യുദ്ധത്തെ അവസാന ആശ്രയമായി കാണുന്നുവെന്നും ആഗോള സമാധാനത്തിന് ഇന്ത്യ അനുകൂലമാണ് എന്നാല്‍ ശക്തിയില്ലാതെ സമാധാനം കൈവരിക്കാനാവില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.