അഗ്നിവീർ പദ്ധതി: ഇടത് - വലത് മുന്നണികൾ യുവാക്കളോട് മാപ്പ് ചോദിക്കണം - ജാവ്ഡേക്കർ





കോട്ടയം: അഗ്നിവീർ പദ്ധതിയിൽ എൻട്രോൾ ചെയ്ത കേരളത്തിൽ നിന്നുള്ള 32,000 യുവാക്കളോട് യുഡിഎഫും എൽഡിഎഫും മാപ്പ് ചോദിക്കണമെന്ന് ബിജെപി നേതാവും കേരളത്തിന്റെ പ്രഭാരിമായ പ്രകാശ് ജാവ്ഡേക്കർ ആവശ്യപ്പെട്ടു.

 ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷയായിരുന്ന ഈ പദ്ധതിയെ എൽഡിഎഫും യുഡിഎഫും അനാവശ്യമായി എതിർക്കുകയായിരുന്നു. എന്നാൽ കേരളത്തിൽ ഇത്രയേറെ പേർ ആ പദ്ധതിയിൻകീഴിൽ സൈനിക സേവനത്തിന് തയ്യാറായി അപേക്ഷ സമർപ്പിച്ചു. രാജ്യമെമ്പാടും നല്ല പ്രതികരണമാണ് ഇതിനുണ്ടായതെന്നും ജാവ്‌ഡേക്കർ പറഞ്ഞു. കോട്ടയത്ത് ബിജെപി ജില്ലാ കോർ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡണ്ട് ജി ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു.

 അഗ്നിവീർ പദ്ധതി പ്രകാരം ജോലി ലഭിക്കുന്നവർക്ക് നാലുവർഷത്തെ കഠിനമായ സൈനിക പരിശീലനം സിദ്ധിക്കും. നാലുവർഷം കഴിയുമ്പോൾ, 22 വയസ്സ് ആവുമ്പോഴേക്കും, അവർക്ക് 20 ലക്ഷം രൂപയുടെ പാക്കേജ് ലഭ്യമാണ്. അവരിൽ ചിലർക്ക് കൂടുതൽ കാലം സൈനിക സേവനത്തിനുള്ള അവസരവും ലഭിക്കും. മറ്റുള്ളവർക്ക് അനവധി മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
, ജാവ്ഡേക്കർ തുടർന്നു.
 ഏതൊരു ബിസിനസ്- വ്യവസായ സ്ഥാപനത്തിനും പരിശീലനം സൃഷ്ടിച്ച പരിചയ സമ്പന്നരായവരുടെ സേവനം ഗുണകരമാവും. അതുകൊണ്ടുതന്നെ 'അഗ്നിവീർ'മാർക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പാണ്.

 ഇടുങ്ങിയ രാഷ്ട്രീയ താൽപര്യം മുൻനിർത്തിയാണ് ഇടതുമുന്നണിയും യുഡിഎഫും ഈ പദ്ധതിയെ എതിർത്തത്. നരേന്ദ്ര മോദി മുന്നോട്ടുവയ്ക്കുന്ന ഏതിനെയും എന്തിനെയും എതിർക്കുക എന്ന ശൈലിയാണ് ഇതിന് കാരണം. എന്നാൽ കേരളത്തിലെ യുവതി -യുവാക്കൾ അവരുടെ വാക്കുകളെ അവഗണിച്ചു. കേരളത്തിലെ ജനങ്ങൾ നിഷേധാത്മക രാഷ്ട്രീയത്തെ അംഗീകരിക്കില്ല എന്നതിനുള്ള തെളിവാണിതെന്ന് മുൻ കേന്ദ്ര മന്ത്രി കൂടിയായ ജാവ്‌ഡേക്കർ പറഞ്ഞു.

യോഗത്തിൽ ബിജെപി സഹ പ്രഭാരിയും രാജ്യസഭ എംപിയുമായ ഡോ. രാധമോഹൻ അഗർവാൾ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ബി ഗോപാലകൃഷ്ണൻ, Dr.J പ്രമീള ദേവി ,വക്താവ് അഡ്വ എൻകെ നാരായണൻ നമ്പൂതിരി, ന്യുനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു, മേഖല പ്രസിഡന്റ് എൻ ഹരി, മേഖല ഓർഗനൈസിങ് സെക്രട്ടറി എൽ പദ്മകുമാർ, M സുനിൽ , PG ബിജുകുമാർ , രതീഷ് തുടങ്ങിയവർ പങ്കെടുത്തു.


أحدث أقدم