'വേണ്ടിവന്നാൽ തായ്‌വാന് മേൽ ബലം പ്രയോഗിക്കും, പ്രശ്‌നം പരിഹരിക്കേണ്ടത് ചൈന'; ഷി ജിൻപിങ്


തായ്‌പേയ്: തായ്‌വാനിലെ പ്രശ്ന പരിഹാരത്തിനായി വേണ്ടിവന്നാൽ ബലം പ്രയോഗിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. വിഷയത്തിൽ സമാധാനപരമായ പരിഹാരത്തിനായാണ് ശ്രമിക്കുന്നത്. തായ്‌വാൻ പ്രശ്‌നം പരിഹരിക്കേണ്ടത് ചൈനീസ് ജനതയാണെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തായ്‌വാൻ ജനതയോട് ബഹമുമാനമുള്ളത് പോലെ തന്നെ അവരുടെ ക്ഷമവും കരുതലും ഉറപ്പുവരുത്താൻ ചൈന ബാധ്യതസ്ഥരാണ്. തായ്‌വാൻ പ്രശ്നം പരിഹരിക്കേണ്ട കാര്യത്തിൽ ചൈനയാണ് തീരുമാനമെടുക്കേണ്ടത്. തായ്‌വാൻ്റെ പുനരേകീകരണത്തിന് ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. തായ്‌വാൻ കടലിടുക്കിലൂടെ സാമ്പത്തികവും സാംസ്‌കാരികവുമായ കൊടുക്കൽ വാങ്ങലുകളെ പ്രോത്സാഹിപ്പിക്കാൻ ചൈന പ്രതിജ്ഞാബദ്ധമാണെന്നും ഷി പറഞ്ഞു. തായ്‌വാൻ പ്രശ്‌നം പരിഹരിക്കുന്നത് ചൈനീസ് ജനതയുടെ സ്വന്തം കാര്യമാണ്. സമാധാനപരമായ ശ്രമങ്ങൾ നടത്തുമെങ്കിലും സമാധാനപരമായ പുനരേകീകരണത്തിനായി വേണ്ടിവന്നാൽ ബലപ്രയോഗം നടത്തും. പുറത്ത് നിന്നുള്ള ശക്തികളുടെ ഇടപെടലുകളെയും തായ്‌വാന് സ്വാതന്ത്രം വേണമെന്ന് വാദിക്കുന്ന വളരെ ചെറിയ സംഘത്തിനും നേർക്കും മാത്രമേ ആവശ്യമാകുന്ന പക്ഷം ബലപ്രയോഗം നടത്തുകയുള്ളൂ എന്നും ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി. തായ്‌വാന് മേൽ വേണ്ടിവന്നാൽ ബലം പ്രയോഗിക്കുമെന്ന ചൈനയുടെ നിലപാടിനെതിരെ തായ്‌വാൻ രംഗത്തുവന്നു. തങ്ങളുടെ പരമാധികാരത്തിൽ നിന്ന് പിന്നോട്ടില്ല. സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും തായ്‌വാൻ വിട്ടുവീഴ്ച ചെയ്യില്ല. പാർട്ടി കോൺഗ്രസിലെ സംഭവവികാസങ്ങൾ ദേശീയ സുരക്ഷാസമിതി വിശദമായി വീക്ഷിക്കുന്നുണ്ടെന്നും തായ്‌വാൻ പ്രസിഡൻ്റ് സായ് ഇങ് വെൻ്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കി. യുഎസ് ഹൗസ് സ്പീക്ക‍ർ നാൻസി പെലോസി കഴിഞ്ഞ ഓഗസ്റ്റിൽ തായ്‍‍വാനിൽ സന്ദർശനം നടത്തിയിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.  ചൈനയിൽ നിന്നും ഭീഷണി നേരിടുന്ന തായ്‍‍വാനെ ഒറ്റപ്പെടുത്തില്ലെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് പെലോസി മടങ്ങിയത്. നാൻസി പെലോസിയുടെ തായ്‍‍വാൻ സന്ദർശനത്തിനെതിരെ ചൈന രംഗത്തുവന്നിരുന്നു. പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് അമേരിക്ക വലിയ വില നൽകേണ്ടിവരുമെന്നായിരുന്നു ചൈനയുടെ മുന്നറിയിപ്പ്. പരമാധികാരവും സുരക്ഷയുമായി ബന്ധപ്പെട്ട ചൈനയുടെ താൽപര്യങ്ങൾക്ക് തുരങ്കം വെക്കുന്നതിലുള്ള ഉത്തരവാദിത്വം യുഎസ് ഏറ്റെടുക്കുകയും അതിനുള്ള വിലനൽകുകയും ചെയ്യേണ്ടിവരുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് പറഞ്ഞിരുന്നു.

أحدث أقدم