മംഗളുരു: ഫ്ലിപ്കാർട്ടിന്‍റെ ദീപാവലി ഓഫർ പ്രകാരം ഗെയിമിങ് ലാപ്ടോപ്പ് ഓർഡർ ചെയ്ത യുവാവിന് കൊറിയറായി ലഭിച്ചത് പാറ കഷ്ണം. സോഷ്യൽ മീഡിയ വഴിയാണ് താൻ വഞ്ചിക്കപ്പെട്ട വിവരം മംഗളുരു സ്വദേശിയായ യുവാവ് പങ്കുവെച്ചത്.. ചിന്മയ രമണ എന്ന യുവാവാണ് ഫ്ലിപ്പ്കാർട്ടിൽ ഒരു ലാപ്‌ടോപ്പ് ഓർഡർ ചെയ്തത്. എന്നാൽ പറഞ്ഞ തീയതിയൽ അദ്ദേഹത്തിന് ലഭിച്ചത്. ഒരു വലിയ കല്ലും കുറച്ച് ഇ-വേസ്റ്റുമാണെന്ന് മാത്രം. ഫ്ലിപ്കാർട്ടിൽനിന്ന് വഞ്ചിക്കപ്പെട്ടതിൽ വലിയ വിഷമമുണ്ടെന്നും ഇയാൾ സോഷ്യൽ മീഡിയയിൽ പറഞ്ഞു. തനിക്ക് ലഭിച്ച കല്ലിന്റെയും പാഴ്‌വസ്തുക്കളുടെയും ഫോട്ടോ അറ്റാച്ചുചെയ്യുന്നതിന് പുറമേ, രമണ ഒരു അൺബോക്‌സിംഗ് വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ദീപാവലി സീസണിലുടനീളം ഉപഭോക്താക്കൾക്ക് തെറ്റായ പാക്കേജുകൾ ലഭിക്കുന്നതിനെക്കുറിച്ചുള്ള നിരവധി പരാതികൾ ഫ്ലിപ്പ്കാർട്ടിനെക്കുറിച്ച് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഡെലിവറിയിൽ കൂടുതൽ കൃത്യത ഉറപ്പാക്കാൻ പ്രത്യേക സംവിധാനം ഫ്ലിപ്കാർട്ട് ഏർപ്പെടുത്തിയിരുന്നു. പാക്കേജ് ലഭിക്കുമ്പോൾ, ശരിയായ ഇനങ്ങൾ ഡെലിവർ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഡെലിവറി ബോയിയുടെ മുന്നിൽവെച്ച് ഉപഭോക്താവിന് അവസരം ലഭിച്ചിരുന്നു.
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള നിരവധി പരാതികൾ സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നിട്ടുണ്ട്. തെലങ്കാനയിലെ അദിലാബാദ് ജില്ലയിലെ ഉത്നൂരിൽ നിന്നുള്ള പഞ്ജരി ഭീമണ്ണ എന്ന വ്യക്തിയ്ക്ക് ജൂൺ മാസത്തിൽ ഒരു ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ നിന്ന് സ്‌മാർട്ട്‌ഫോണിന് പകരം ഡിറ്റർജന്റ് സോപ്പ് ലഭിച്ചത്. ഒരു പ്രമുഖ ഇ-കൊമേഴ്‌സ് പോർട്ടൽ വഴി 6,100 രൂപ വിലയുള്ള വിവോ വൈ 83 മോഡലിന്റെ സ്‌മാർട്ട്‌ഫോണാണ് ഇയാൾ ഓർഡർ ചെയ്തത്. മറ്റൊരു സന്ദർഭത്തിൽ, ബീഹാറിലെ ഒരാൾ താൻ ഒരു ഓൺലൈൻ റീട്ടെയിലറിൽ നിന്ന് ഡ്രോൺ ക്യാമറ ഓർഡർ ചെയ്തതായും എന്നാൽ സെപ്റ്റംബറിൽ ഒരു കിലോഗ്രാം ഉരുളക്കിഴങ്ങ് ലഭിച്ചതായും പരാതിപ്പെട്ടിരുന്നു. അൺസീൻ ഇന്ത്യ പങ്കിട്ട ഒരു വീഡിയോ ട്വിറ്ററിൽ വൈറലായി, അവിടെ സംഭവം നടന്നത് നളന്ദയിലാണെന്ന് അവകാശപ്പെട്ടു.