ഇടുക്കി : നീലക്കുറിഞ്ഞി പൂത്ത ശാന്തൻപാറ പഞ്ചായത്തിലെ കള്ളിപ്പാറയിലേക്കുള്ള സന്ദർശനസമയം ദിവസവും രാവിലെ ആറു മുതൽ വൈകുന്നേരം നാലു വരെയായി നിജപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.
ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് ഉത്തരവ്.
ഇവിടേക്ക് അനിയന്ത്രിതമായ നിലയിൽ സന്ദർശകർ എത്തുന്നതിനാൽ നെടുങ്കണ്ടം മൂന്നാർ റോഡിൽ വലിയതോതിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതായി പോലീസ് അറിയിച്ചിരുന്നു. കൂടാതെ മലനിരകളിലേക്കുള്ള റോഡുകൾ മൺപാതകൾ ആയതിനാൽ അപകടസാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉച്ചകഴിഞ്ഞു ശക്തമായ മഴ പ്രദേശത്തു പെയ്യുന്നതും അപകടസാധ്യത കൂട്ടുന്നു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.