ശരീരത്തിലൂടെ ടിപ്പര്‍ കയറിയിറങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം; മരണം സ്‌കൂളിലേക്ക് പോകവെ


നെടുമങ്ങാട്: ടിപ്പര്‍ ലോറി കയറിയിറങ്ങി ഇരുചക്ര വാഹന യാത്രക്കാരിയായ അധ്യാപിക മരണമടഞ്ഞു. നെടുമങ്ങാട് ബോംബെ ഹൗസില്‍ ഷാജഹാന്റെ ഭാര്യ ജീന (48) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ നെടുമങ്ങാട് വാളിക്കോട് പാലത്തിനു സമീപം നാലുമുക്കിലാണ് അപകടം നടന്നത്. നെടുമങ്ങാട് വട്ടപ്പാറ നവജീവന്‍ സ്‌കൂളിലെ അധ്യാപികയായ ജീന ഭര്‍ത്താവുമായി യാത്ര ചെയ്യുന്നതിനിടയില്‍ ടിപ്പറിന്റെ പിറകുവശം ഇരുചക്ര വാഹനത്തില്‍ തട്ടുകയും റോഡില്‍ വീണ ജീനയുടെ ശരീരത്തിലൂടെ ടിപ്പറിന്റെ പിറകുവശത്തെ ചക്രങ്ങള്‍ കയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മാസങ്ങള്‍ക്കു മുമ്പ് ഇതേ സ്ഥലത്ത് വച്ച് മറ്റൊരു യാത്രക്കാരന്‍ മരണമടഞ്ഞ സംഭവം ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഈ സ്ഥലത്ത് അപകടങ്ങള്‍ പെരുകുന്നുവെന്നും ട്രാഫിക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ഹംമ്പ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് റോഡ് നാട്ടുകാര്‍ ഉപരോധിച്ചത്. തുടര്‍ന്ന്, നെടുമങ്ങാട് എസ് ഐ ശ്രീകാന്ത് സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തുകയും അടിയന്തരമായി ഈ സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കാന്‍ ഹോം ഗാര്‍ഡിനെ നിയമിക്കാമെന്ന് ഉറപ്പിന്മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. ശേഷം നാല് റോഡുകള്‍ സംഗമിക്കുന്ന ഈ സ്ഥലത്ത് റോഡില്‍ ഹംമ്പ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ബിറ്റി സജിതിനെ ഉപരോധിച്ചു. ഹംമ്പ് സ്ഥാപിക്കാനുള്ള നടപടി സ്വീകരികുമെന്ന പിഡബ്‌ളിയുഡി ഉദ്യോഗസ്ഥന്റെ ഉറപ്പിേല്‍ ഉപരോധം അവസാനിപ്പിച്ചു.


أحدث أقدم