കേരളത്തിൻ്റെ ആകാശത്തു നിങ്ങൾ കണ്ടോ ആ തിളങ്ങുന്ന നി​ഗൂഢരേഖ? അന്യ​ഗ്രഹ ജീവികളല്ല, എന്താണ് സ്റ്റാ‍‍ർ ലിങ്ക്?


കൊച്ചി: സംസ്ഥാനത്ത് പലയിടത്തും ആകാശത്തു കൂടി ഒഴുകി നീങ്ങിയ നക്ഷത്രക്കൂട്ടം കണ്ട അമ്പരപ്പിലാണ് പലരും. വെള്ളിയാഴ്ച വൈകിട്ട് ആകാശത്തു കണ്ട ദൃശ്യം അന്യഗ്രഹജീവികളാകാമെന്നും അതല്ല വാൽനക്ഷത്രമാണെന്നു വരെ സമൂഹമാധ്യമങ്ങളിൽ കമൻ്റുകൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ നിര നിരയായി നീങ്ങിയ തിളക്കമുള്ള വസ്തുക്കൾ എന്താണെന്ന് ചുരുക്കം ചില‍ർക്കൊഴികെ വ്യക്തമായില്ല. കേരളത്തിലാകട്ടെ എല്ലായിടത്തും ഇത് പ്രത്യക്ഷപ്പെട്ടുമില്ല. സ്റ്റാ‍ർലിങ്ക് എന്ന ഇൻ്റ‍ർനെറ്റ് പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച ചെറു ഉപഗ്രഹങ്ങളാണ് കേരളത്തിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ഇലോൺ മസ്കിൻ്റെ നേതൃത്വത്തിലുള്ള സ്പേസ്എക്സ് കമ്പനി നടപ്പാക്കുന്ന ഉപഗ്രഹ പദ്ധതിയാണ് സ്റ്റാ‍ർലിങ്ക്. ഇന്ത്യയ്ക്കു പുറമെ മറ്റു പല രാജ്യങ്ങളിലും ഈ പദ്ധതി പരീക്ഷണഘട്ടത്തിലാണ്. വെള്ളിയാഴ്ച വൈകിട്ട് 6.58ഓടു കൂടിയാണ് കേരളത്തിൽ പലയിടത്തും വടക്കുപടിഞ്ഞാറ് ദിശയിൽ ജാഥ പോലെ ഈ ഉപഗ്രഹങ്ങൾ സഞ്ചരിച്ചത്. അൻപതിലധികം ഉപഗ്രഹങ്ങളാണ് ഈ ശ്രേണിയിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച പുല‍ർച്ചെ 4.58ന് ഈ ഉപഗ്രഹങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടും. താഴ്ന്ന ഭ്രമണപഥത്തിൽ വിന്യസിക്കുന്ന ചെറു ഉപഗ്രഹങ്ങളുടെ ശ്യംഖല ഉപയോഗിച്ച് 40 ലോകരാജ്യങ്ങളിൽ അതിവേഗ ഇൻ്റ‍ർനെറ്റ് ലഭ്യമാക്കാനാണ് സ്പേസ്എക്സ് പദ്ധതിയിടുന്നത്. ഭൂനിരപ്പിൽ നിന്ന് 550 കിലോമീറ്റ‍ർ ഉയരത്തിലൂടെയാണ് ഈ ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത്. ഇവ ഉപയോഗിച്ച് 2023ഓടു കൂടി ആഗോളതലത്തിൽ മൊബൈൽ സ‍ർവീസ് തുടങ്ങാനും സ്പേസ്എക്സിനു പദ്ധഥിയുണ്ട്. ഇതിൻ്റെ ഭാഗമായി 2019 മുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നുണ്ട്. ഇതുവരെ മൂവായിരത്തോളം ചെറു സാറ്റലൈറ്റുകളാണ് കമ്പനി വിക്ഷേപിച്ചിട്ടുള്ളത്. ഭൂമിയിലെ സ്റ്റേഷനുകളിൽ നിന്ന് കൈമാറുന്ന സിഗ്നലുകളാണ് ഉപഭോക്താക്കളിലേയ്ക്ക് സാറ്റലൈറ്റ് വഴി എത്തുക. ആദ്യ ഘട്ടത്തിൽ മൊത്തം 12,000 സാറ്റലൈറ്റുകൾ അയയ്ക്കാനാണ് സ്പേസ്എക്സിൻ്റെ പദ്ധതി. പിന്നീട് ഇവയുടെ മൊത്തം എണ്ണം 42,000 ആക്കി ഉയ‍ർത്താനും കമ്പനി ലക്ഷ്യമിടുന്നു. നിലവിൽ അഞ്ച് ലക്ഷത്തോളം പേ‍ർക്ക് സ്റ്റാ‍ർലിങ്ക് ഇൻ്റ‍ർനെറ്റ് സേവനം നൽകുന്നുണ്ടെന്നാണ് കണക്കുകൾ. 82,000 കോടിയോളമാണ് പദ്ധതിയ്ക്ക് പ്രതീക്ഷിക്കുന്ന ചെലവ്.

സാറ്റലൈറ്റ് ശൃംഖല ഉപയോഗിച്ച് ഇൻ്റ‍ർനെറ്റ് സേവനം നൽകാനുള്ള ആശയത്തിന് 1980കളോളം പഴക്കമുണ്ട്. എന്നാൽ 2004ലാണ് സ്പേസ്എക്സ് ഇതിനുള്ള ആലോചനകൾ തുടങ്ങിയത്.

കാറിനോളം വലുപ്പമുള്ള ഉപഗ്രഹങ്ങൾ

ആകാശത്തിൽ നിര നിരയായി കാണുന്ന വെളുത്ത കുത്തുകളിൽ ഓരോന്നിനും ഒരു കാറിനോളം വലുപ്പമുണ്ട്. രണ്ടാം തലമുറയിൽ വിക്ഷേപിച്ച സാറ്റലൈറ്റുകൾക്ക് ഇതിൻ്റെ ഇരട്ടിയോളം വരും. സോളാ‍ർ പാനലുകൾ വിട‍ർത്തിക്കഴിയുമ്പോൾ 20 മീറ്ററോളം വലുപ്പമാണ് ഉണ്ടാകുക. വിക്ഷേപണത്തിനു തൊട്ടുപിന്നാലെ വരി വരിയായി കാണപ്പെടുമെങ്കിലും പിന്നീട് ഇവയുടെ സ്വഭാവം മാറും. നിശ്ചിത ഭ്രമണപഥത്തിലേയ്ക്ക് വരിവരിയായി സഞ്ചരിക്കുന്നതാണ് ഇന്നലെ കണ്ട കാഴ്ച. ശൃംഖലയായി വിന്യസിക്കപ്പെടുന്നതോടെ ആകാശത്ത് പലയിടത്തായി ഒരേ സമയം, ആറു മുതൽ എട്ട് വരെ ഉപഗ്രഹങ്ങൾ പ്രത്യക്ഷപ്പെടുന്ന രീതിയിലായിരിക്കും ഇവയുടെ ക്രമീകരണം. ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ വീടുകളെയും ഓഫീസുകളിലെയും ‍ഡിടിഎച്ച് ഡിഷ് ആൻ്റിനയ്ക്ക് സമാനമായ റിസീവ‍റുകൾ ഉപയോഗിച്ചാണ് റൂട്ടറിൽ എത്തിക്കുക.

വിദഗ്ധ‍ർക്ക് ആശങ്ക

അതേസമയം, ആകാശം സ്വകാര്യ ആവശ്യത്തിനായി ഉപഗ്രഹങ്ങളെക്കൊണ്ട് നിറയ്ക്കുന്നതിൽ വിദഗ്ധ‍ർക്കുള്ള ആശങ്ക ചെറുതല്ല. വിമാനങ്ങൾക്ക് അടക്കം ഭീഷണിയാകുമെന്നാണ് ആരോപണം. നിലവിൽ ഭ്രമണപഥത്തിൽ ആവശ്യത്തിലധികം ഉപഗ്രഹങ്ങളുണ്ടെന്നും വാനനിരീക്ഷണത്തിന് അടക്കം ഇത് തടസ്സമാകുന്നുണ്ടെന്നുമാണ് ആരോപണം. കൂടാതെ ഭാവിയിൽ ഉപഗ്രഹങ്ങൾ തമ്മിൽ കൂട്ടിയിടിക്കാനും ഭൂമിയിൽ തക‍ർന്നു വീഴാനുമുള്ള സാധ്യതയും പലരും ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ കാലാവധി തീരാറായ ഉപഗ്രഹങ്ങൾ തിരിച്ചു ഭൂമിയിൽ എത്തിക്കാനുള്ള ക്രിപ്റ്റോൺ ഫ്യൂവൽഡ് ഹാൾ ത്രസ്റ്ററുകൾ അടക്ക ഉപഗ്രഹങ്ങളിലുണ്ടെന്നും അതിനാൽ പ്രവ‍ർത്തനരഹിതമായ ഉപഗ്രഹങ്ങൾ തിരിച്ചു ഭൂമിയിലെത്തുമെന്നുമെന്നുമാണ് സ്പേസ് എക്സ് പറയുന്നത്. കൂടാതെ വാനനിരീക്ഷണം സുഗമമാക്കാൻ ഉപഗ്രഹങ്ങളുടെ പ്രതിഫലനം കുറയ്ക്കുമെന്നും കൂട്ടിയിടി ഒഴിവാക്കാനുള്ള സജ്ജീകരണങ്ങൾ ഉണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.

أحدث أقدم