ദോഹ:
ഇതിഹാസ താരമായിരുന്ന ഡീഗോ മറഡോണ തന്റെ വിവാദമായ 'ദൈവത്തിന്റെ
കൈ' കൊണ്ടുള്ള ഗോള്‍ നേടുമ്പോള്‍ ധരിച്ചിരുന്ന ജഴ്‌സി
ഖത്തറില്‍ പ്രദര്‍ശനത്തിന്. ഫിഫ ലോകകപ്പിന്റെ ഭാഗമായി ഖത്തറിലെ 3-2-1 ഒളിംപിക് ആന്റ് സ്‌പോര്‍ട്‌സ് മ്യൂസിയത്തില്‍ ഒക്ടോബര്‍
ഒന്ന് ശനിയാഴ്ച ആംരഭിച്ച എക്‌സിബിഷനിലാണ് ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തില്‍ റെക്കോഡ് തുകയായ 89.3
ലക്ഷം ഡോളറില്‍ ലേലത്തില്‍ പോയ പത്താം നമ്പര്‍ നീല ജഴ്‌സി പ്രദര്‍ശനം
അവസാനിക്കുന്ന അടുത്ത വര്‍ഷം ഏപ്രില്‍ വരെ ഖത്തര്‍ വാടകയ്ക്ക്
എടുത്തിരിക്കുകയാണെന്ന്. വേള്‍ഡ് ഓഫ് ഫുട്‌ബോള്‍ എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന
എക്‌സിബിഷനില്‍ ഫുട്‌ബോള്‍ ഗെയിമുമായി ബന്ധപ്പെട്ട് നിരവധി അപൂര്‍വ കാഴ്ചകള്‍
സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
1986ല്‍ മെക്‌സിക്കോയില്‍ നടന്ന വേള്‍ഡ് കപ്പ്
മല്‍സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിലാണ് ഇംഗ്ലണ്ടിനെതിരേ അര്‍ജന്റീന
താരം വിവാദ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലേക്ക് ആറ് മിനുട്ട് മാത്രം ശേഷിക്കെ
തന്റെ കൈ കൊണ്ട് പന്ത് ഗോള്‍ വലയിലേക്ക് തട്ടിയിടുകയായിരുന്നു. കൈകൊണ്ടാണ് ഗോള്‍
നേടിയതെന്ന് ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ഉള്‍പ്പെടെ വാദിച്ചെങ്കിലും റഫറി ഗോള്‍
അനുവദിക്കുകയായിരുന്നു. ഇതേക്കുറിച്ച് ദൈവത്തിന്റെ കൈ എന്നായിരുന്നു മറഡോണ അന്ന്
പ്രതികരിച്ചത്. അതിന് നാലും മിനുട്ടിന് ശേഷം മൈതാന മധ്യത്തില്‍ നിന്ന് എതിര്‍താരങ്ങളെ
മുഴുവന്‍ വെട്ടിയൊഴിഞ്ഞ് കയറി മറഡോണ നേടിയ ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും
മനോഹരമായ ഗോളുകളിലൊന്നായി മാറിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍
ഒരാളായി വാഴ്ത്തപ്പെടുന്ന ഡീഗോ മറഡോണ 2020 നവംബറിലാണ് അറുപതാം വയസില്‍ ലോകത്തോട്
വിട പറഞ്ഞത്.
ഖത്തര്‍ സാംസ്‌ക്കാരിക മന്ത്രി ശെയ്ഖ്
അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഹമദ് അല്‍ താനിയാണ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തത്.
ലോകകപ്പിന്റെ ആദ്യ മല്‍സരം മുതലുള്ള ചരിത്രം സന്ദര്‍ശകര്‍ക്കായി എക്‌സിബിഷനില്‍
ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനു പുറമെ, ഫുട്‌ബോള്‍ കളിയുടെ ചരിത്രവും ജനസമൂഹങ്ങളെ
ഒന്നിപ്പിക്കുന്നതില്‍ അത് വഹിച്ച പങ്കും ഇതില്‍ പ്രദര്‍ശിപ്പിച്ചിട്ടിണ്ട്. ഫുട്‌ബോള്‍
ആരാധകര്‍ക്ക് മാത്രമല്ല, എല്ലാ
പ്രായക്കാര്‍ക്കും ഏത് പശ്ചാത്തലത്തില്‍ നിന്ന് വരുന്നവര്‍ക്കും ആകര്‍ഷകമായ
രീതിയിലാണ് എക്‌സിബിഷന്‍ ഒരുക്കിയിരിക്കുന്നത് മ്യൂസിയം പ്രസിഡന്റ് ശെയ്ഖ്
മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ താനി പറഞ്ഞു. ഫുട്‌ബോളിനു പുറമെ മറ്റെല്ലാ
ഗെയിമുകളുമായി ബന്ധപ്പെട്ട വിസ്മയക്കാഴ്ചകളുടെ ഇവിടെ സന്ദര്‍ശകരെ
കാത്തിരിക്കുകയാണ്.
ഫുട്‌ബോള്‍ ഫോര്‍ ഓള്‍, ഓള്‍ ഫോര്‍ ഫുട്‌ബോള്‍
എന്നതാണ് എക്‌സിബിഷനിലെ ഫുട്‌ബോള്‍ ചരിത്രവുമായി ബന്ധപ്പെട്ട ഭാഗം. ദി റോഡ് റ്റു
ദോഹ എന്ന പേരിലാണ് ഫിഫ ലോകകപ്പിന്റെ ചരിത്രം പ്രദിപാദിക്കുന്ന ഭാഗം
ഒരുക്കിയിരിക്കുന്നത്. ഹിസ്റ്ററി ഇന്‍ ദി മെയ്ക്കിംഗ് എന്ന പേരില്‍ ഖത്തര്‍
ലോകകപ്പിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു ഭാഗവും കാണികള്‍ക്കായി
സജ്ജീകരിച്ചിട്ടുണ്ട്. ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍, ഫുട്‌ബോളുകള്‍, ഷൂകള്‍, ജഴ്‌സികള്‍, ടിക്കറ്റുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയ ഉള്‍ക്കൊള്ളുന്നതാണ്
ഈ വിഭാഗം. 1930ലെ ആദ്യ
വേള്‍ഡ് കപ്പ് ഫൈനലില്‍ ഉപയോഗിച്ച ബോള്‍, ആദ്യ ലോകകപ്പിനായി തയ്യാറാക്കിയ മാര്‍ഗ
നിര്‍ദ്ദേശങ്ങള്‍, ബ്രസീലിയന്‍
ഇതിഹാസ താരം പെലെയുള്ള വെങ്കലത്തില്‍ തീര്‍ത്ത വലതുകാല്‍, ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍
അണിഞ്ഞ ജഴ്‌സികള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിലെ നാഷനല്‍ ഫുട്‌ബോള്‍ മ്യൂസിയം, സ്വിറ്റ്‌സര്‍ലാന്റിലെ ഫിഫ
മ്യൂസിയം, ഫ്രാന്‍സിലെ
നാഷനല്‍ സ്‌പോര്‍ട്‌സ് മ്യൂസിയം ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രധാന
സ്‌പോര്‍ട്‌സ് മ്യൂസിയങ്ങളില്‍ നിന്നുള്ള എക്‌സിബിറ്റുകളും വിവിധ വ്യക്തികളിലും
നിന്നും സംഘടനകളില്‍ നിന്നും സമാഹരിച്ച അപൂര്‍വ സ്‌പോര്‍ട്‌സ് ഉപകരണങ്ങളും മറ്റും
ഖത്തര്‍ മ്യൂസിയത്തില്‍ എത്തിച്ചിട്ടുണ്ട്. ഖത്തറിലെത്തുന്ന ലക്ഷണക്കണക്കിന് ഫുട്‌ബോള്‍
ആരാധകരെ വലിയ തോതില്‍ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളിലൊന്നായി ഖത്തര്‍ ഒളിംപിക്‌സ്
ആന്റ് സ്‌പോര്‍ട്‌സ് മ്യൂസിയം മാറുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.