തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു മാറ്റാൻ സർക്കാർ. മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച് ഓർഡിനൻസ് കൊണ്ടുവരാനുള്ള ആലോചനകളാണ് നടക്കുന്നത്. അതേസമയം ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് പരിഗണിക്കുമോയെന്നു വ്യക്തമല്ല.
ഗവർണറെ ചാൻസലർ പദവിയിൽനിന്ന് നീക്കുന്നതിനെക്കുറിച്ച് സർക്കാർ കഴിഞ്ഞദിവസം നിയമവിദഗ്ധരുമായി കൂടിയാലോചിച്ചിരുന്നു. നിർദേശം പ്രായോഗികമാക്കുകയാണെങ്കിൽ ഇതുസംബന്ധിച്ച ഓർഡിനൻസ് ഏത് നിമിഷവുമുണ്ടാകും. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥസംഘം ഓർഡിനൻസിനായുള്ള തയ്യാറെടുപ്പ് തുടങ്ങിയതായാണ് വിവരം.
നേരത്തേ സർക്കാറുമായുള്ള ഏറ്റുമുട്ടൽ ഘട്ടത്തിലെല്ലാം തന്നെ ചാൻസലർ പദവിയിൽനിന്ന് നീക്കാൻ ഓർഡിനൻസ് കൊണ്ടുവന്നാൽ ഒപ്പിട്ടുനൽകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി പറഞ്ഞിരുന്നു. യുജിസി. മാനദണ്ഡത്തിൽ ചാൻസലർ പദവി സംബന്ധിച്ചു വ്യവസ്ഥകളൊന്നുമില്ല. ഓരോ സർവകലാശാലയുടെയും പ്രത്യേക നിയമമനുസരിച്ചാണ് ഗവർണറെ ചാൻസലറായി നിയമിച്ചിട്ടുള്ളത്. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കുന്നതിൽ ഭരണഘടനാപ്രശ്നങ്ങളുമില്ല.