തിരുവനന്തപുരത്ത് ദമ്പതികളെ പെട്രൊളിച്ച് കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു


തിരുവനന്തപുരം: മടവൂർ കൊച്ചാലുമൂട്ടിൽ വയോധിക ദമ്പതികളെ വീടുകയറി പെടോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ ആണ് അൽപം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇയാൾ പ്രഭാകരകുറുപ്പ് (70), ഭാര്യ വിമല (65) എന്നിവരെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. മുൻവൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലപാതകം. ആക്രമത്തിനിടെ പരിക്കേറ്റ ശശിധരൻ നായർ അന്നുമുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംഭവം ഇങ്ങനെ- 27 വർഷം മുൻപ് ശശിധരന്റെ മകനെ ബഹ്റൈനിലേക്ക് ജോലിക്കായി അയച്ചത് പ്രഭാകരക്കുറുപ്പാണ്. എന്നാൽ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതിൽ മകൻ നിരാശനായിരുന്നു.‌ ഇക്കാര്യം വീട്ടിൽ പലതവണ അറിയിച്ചശേഷമാണ് മകൻ ആത്മഹത്യ ചെയ്തത്. സഹോദരൻ മരിച്ച വിഷമത്തിൽ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. ഇതോടെ പ്രഭാകരക്കുറുപ്പിനോടും കുടുംബത്തോടും ശശിധരന് ശത്രുതയായി. നിരന്തര ലഹളയെത്തുടർന്ന് പ്രഭാകരക്കുറുപ്പ്, ശശിധരന്റെ വീടിനടുത്തുനിന്ന് സ്ഥലം മാറി മടവൂരിൽ വീടു വാങ്ങി.


ശശിധരന്റെ മകൻ ആത്മഹത്യ ചെയ്ത കേസിൽ പ്രഭാകരക്കുറുപ്പ് പ്രതിയായിരുന്നു. ഈ കേസിൽ കഴിഞ്ഞ ദിവസം കോടതി പ്രഭാകരക്കുറുപ്പിനെ കുറ്റവിമുക്തനാക്കി. ഇതോടെയാണ് ശശിധരൻ നായർ കയ്യിലെ കന്നാസിൽ പെട്രോളുമായി പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയത്. കയ്യിൽ ചുറ്റികയും കരുതിയിരുന്നു. ഈ ചുറ്റിക കൊണ്ട് പ്രഭാകരക്കുറുപ്പിനെയും ഭാര്യ വിമല കുമാരിയേയും ആക്രമിച്ച ശേഷമാണ് പെട്രോളൊഴിച്ച് കത്തിച്ചത്. ഇതിനിടെ, ശശിധരൻ നായർക്കും പൊള്ളലേറ്റു.
നിലവിളി ശബ്ദവും പിന്നാലെ പുക ഉയരുന്നതും കണ്ട് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് ഗുരുതരമായി പൊള്ളലേറ്റ ഭാര്യയേയും ഭർത്താവിനേയുമാണ്. ശശിധരൻ നായർ സമീപത്ത് ഇരിപ്പുണ്ടായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന സഞ്ചിയിൽ ആധാർ കാർഡ് ഉൾപ്പെടെ ഉണ്ടായിരുന്നു. സമീപത്ത് നിന്ന് ചോര പുരണ്ട നിലയിൽ ചുറ്റികയും ലഭിച്ചിരുന്നു.
أحدث أقدم