മക്കളെ മുറിയിൽ പൂട്ടിയിട്ട് കേബിളിനും ചൂരലിനും മർദിക്കുന്നത് പതിവ്; പിതാവ് അറസ്റ്റിൽ, മന്ത്രവാദ ബന്ധമെന്ന് സംശയം



 
മലപ്പുറം; കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് അതിക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ ഒലിയത്ത് സ്വദേശി തച്ചങ്ങോട്ടിൽ മുഹമ്മദ് ബഷീറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. 

ഓട്ടോ ഡ്രൈവറായ ഇയാൾ എട്ടും ഒമ്പതും വയസ്സ് പ്രായമുള്ള മക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം കേബിള്‍ വയറ് കൊണ്ടും ചൂരലിനും മാരകമായി മര്‍ദിക്കാറുണ്ടായിരുന്നു. 
ചൈല്‍ഡ് ലൈനില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിതാവിന്‍റെ ക്രൂരത പുറത്തറിയുന്നത്. ബഷീർ സ്ഥിരമായി തന്റെ ഭാര്യയെയും കുട്ടികളെയും അടിച്ചു പരിക്കേൽപ്പിക്കാറുണ്ടായിരുന്നു. ഓട്ടോയുമായി പുറത്ത് പോയി തിരിച്ചുവന്നതിനു ശേഷമാണ് മര്‍ദ്ദനമേറ്റ് അവശരായ മക്കളെ പുറത്തിറങ്ങാന്‍ ഇയാൾ അനുവദിക്കാറ്. 

പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ സി ഐ അലവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാള്‍ക്ക് മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായാണ് പൊലീസ് വിശദമാക്കുന്നത്. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.


أحدث أقدم