നരബലി പ്രതി ഭഗവൽ സിങ്ങിൻ്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി


കോഴഞ്ചേരി: ഐശ്യര്യത്തിനും സമ്പൽ സമൃദ്ധിക്കുമായി മനുഷ്യക്കുരുതി നടന്ന ഭഗവൽ സിങ്ങിൻ്റെ ഇലന്തൂരിലെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച്. മൃതദേഹം കണ്ടെടുക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനാൽ റോഡിൽ തന്നെ മാർച്ച് പോലീസ് തടഞ്ഞു. അന്വേഷണം നടക്കുന്നതിനാൽ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് പത്തനംതിട്ട ഡിവൈഎസ്‍പി നന്ദകുമാർ നേതാക്കളെ അറിയിച്ചു. തുടർന്ന് പ്രതിഷേധ യോഗം നടത്തി.
നവോഥാന കേരളത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പിന്നാലെ ജനങ്ങൾ പായുന്നത് നാണക്കേടാണെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സജിത് പി ആനന്ദ് പറഞ്ഞു. കേരളത്തിൽ നരബലി എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതും അത്യന്തം ആശങ്കപ്പെടുത്തുന്നതുമാണ്. നവോഥാന ആശയങ്ങളുടെ കരുത്തുകൊണ്ടും അതിന്റെ തുടർച്ചയിൽ സാമൂഹിക പുരോഗതിയിലും സാക്ഷരതയിലും രാജ്യത്തിന് മാതൃകയായ കേരളത്തിൽ ഇങ്ങനെ ഒരു സംഭവം നടക്കാൻ പാടില്ലാത്തതും നാണക്കേടുമാണെന്ന് നേതാക്കൾ പറഞ്ഞു.
സാമൂഹിക വിദ്യാഭ്യാസത്തിൽ ഏറെ പിന്നോക്കം നിൽക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് വാർത്തകളിൽ മാത്രം കേട്ട് ശീലിച്ച ഇത്തരം കൃത്യങ്ങൾ കേരളത്തിലെ മണ്ണിൽ എങ്ങനെ നടന്നു എന്നത് സാംസ്കാരിക കേരളം ഗൗരവത്തിലെടുക്കേണ്ടതാണ്. കേരളത്തിൽ വലതുപക്ഷവൽകരണത്തിന് വേണ്ടി നടത്തപ്പെടുന്ന ആശയപ്രചരണമാണ് ഇത്തരം പിന്തിരിപ്പൻ ശക്തികൾക്ക് വളമാകുന്നതെന്ന് നേതാക്കൾ പറഞ്ഞു.

സമൂഹത്തിൽ വളർന്നു വരുന്ന അസാന്മാർഗികതയുടെ ഉദാഹരണമാണ് ഇലന്തൂരിലെ ആരും കൊലയെന്ന് നരബലി നടന്ന വീട് സന്ദർശിച്ച സിപിഎം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് അപ്പുറമാണ് ഈ സംഭവം. ഇതിനെതിരെ പ്രതികരിക്കാൻ പുതു തലമുറ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
أحدث أقدم