ഇന്ത്യയില്‍ നിന്നെത്തിയ ചെമ്മീന്‍ കഴിക്കരുതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം; മുന്നറിയിപ്പ് മായം കണ്ടെത്തിയതിനെ തുടര്‍ന്ന്


ദോഹ: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീന്‍ കഴിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം രംഗത്തെത്തി. മന്ത്രാലയത്തിന്റെ ഭക്ഷ്യ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ മായം കലര്‍ന്നതായി തെളിഞ്ഞ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഫ്രീസ് ചെയ്തതും അല്ലാത്തതുമായ ഇന്ത്യന്‍ ചെമ്മീന്‍ കഴിക്കരുതെന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച്, മാര്‍ക്കറ്റില്‍ ലഭ്യമായ എല്ലാ ഇന്ത്യന്‍ ചെമ്മീനുകളും പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി പൊതുജനാരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇവ കടകളില്‍ വില്‍ക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നെത്തിയ പുതിയതും ശീതീകരിച്ചതുമായ ചെമ്മീന്‍ കൈവശമുള്ളവര്‍ അത് വില്‍ക്കരുത്. അതേപോലെ കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടയില്‍ ചെമ്മീന്‍ വാങ്ങിയവര്‍ അത് കഴിക്കരുതെന്നും വാങ്ങിയ കടകളില്‍ തന്നെ തിരികെ നല്‍കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇത് കഴിക്കുകയും ഗ്യാസ്, ദഹന സംബന്ധമായ പ്രശ്‌നങ്ങളും വയറില്‍ അണുബാധയുടെ ലക്ഷണങ്ങളും അനുഭവപ്പെടുന്ന പക്ഷം അടിയന്തരമായി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി വൈദ്യ സഹായം തേടണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

أحدث أقدم