കോട്ടയം: വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി മടങ്ങിയ യുവതി പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി മരിച്ചു.
ഗാന്ധിനഗർ സ്വദേശി ചുള്ളിക്കൽ സജി ജേർജ്ജിൻ്റെ ഭാര്യ ജൈന (37) ആണ് മരിച്ചത്.
കോട്ടയം ഭാഗത്തേക്ക് പോയ എഞ്ചിൻ തട്ടിയാണ് അപകടം. ഗാന്ധിനഗറിനും അടിച്ചിറയ്ക്കും ഇടയിൽ ഇന്നലെ വൈകുന്നേരം ആണ് അപകടമുണ്ടായത്.
കോട്ടയം വഴിയുള്ള തീവണ്ടി പാത ഇരട്ടിപ്പിച്ചപ്പോൾ ജൈനയുടെ വീട് ഉൾപ്പെടെ അറുപതിലധികം കുടുംബങ്ങൾ അപകട ഭീഷണിലായിരുന്നു.
റെയിൽവേ ട്രാക്കിന് സമീപം താമസിക്കുന്ന ഇവർ പുറം ലോകത്തേക്ക് എത്തുന്നത് പാളം മുറിച്ച് കടന്നാണ്.
പതിവ് പോലെ ജോലി കഴിഞ്ഞെത്തിയ ജൈന കട പോയി സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങവേ പാളം മുറിച്ച് കടക്കുമ്പോഴാണ് ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറായ സജി നിന്നതിൻ്റെ ഒരു വിളിപാട് അകലെവച്ച് ദുരന്തം ഉണ്ടായത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പ്ലസ് വൺ വിദ്യാർത്ഥിയായ ജിത്തുവാണ് മകൻ.
പ്രായമായവരും കുട്ടികളും രോഗികളും താമസിക്കുന്ന ഈ പ്രദേശത്ത് സുരക്ഷിതമായി യാത്ര ചെയ്യാൻ റെയിൽവേയും കെ.എസ്.റ്റി.പിയും മനുഷ്യത്വപരമായ നിലപാടു സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ സാബു മാത്യു ആവശ്യപ്പെട്ടു.
പ്രദേശവാസികൾക്ക് അപകടരഹിതമായി റെയിൽപാതയുടെ സമീപത്തു കൂടി സഞ്ചരിക്കാൻ റെയിൽവേയുടെ കൈവശമുള്ള സ്ഥലത്തിന് വാടക നൽകാൻ തയാറാണെന്ന കോട്ടയം നഗരസഭയുടെ ആവശ്യം അംഗീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.