ലിവിങ് റൂമില്‍ വച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി ചാര്‍ജിങ്, പൊട്ടിത്തെറിച്ചു; ഏഴ് വയസുകാരന് ദാരുണാന്ത്യം
മുംബൈ: ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം. വീടിനുള്ളില്‍ വച്ച് ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെയാണ് സംഭവം. 80 ശതമാനത്തോളം പൊള്ളലേറ്റ ഏഴു വയസുകാരന്‍ ഷാബിര്‍ അന്‍സാരിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു.
മുംബൈയിലെ വസൈയിയിലെ രാംദാസ് നഗറിലാണ് സംഭവം. പുലര്‍ച്ചെ 5.30 ഓടെ വീട്ടിലെ ലിവിംഗ് റൂമില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്നു ഷാബിര്‍.
അപകടത്തില്‍ മുത്തശ്ശിക്ക് പരിക്കേറ്റു. ഭയങ്കരമായ ശബ്ദം കേട്ടാണ് ഷാബിറിന്റെ അമ്മ ഉണര്‍ന്നത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഷാബിറിന് ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
സ്‌ഫോടനത്തില്‍ വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വീട്ടിലെ ഇലക്ട്രിക് സാധനങ്ങളുള്‍പ്പെടെ നശിച്ചു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി അപകടത്തിന്റെ തോത് വിലയിരുത്തി. കൂടുതല്‍ ചൂടായതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജയ്പൂര്‍ കേന്ദ്രമായുള്ള സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളോട് ബാറ്ററി പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ബാറ്ററി കൂടുതലായി ചാര്‍ജ് ചെയ്തതാണ് അപകട കാരണമെന്ന വാദം കുട്ടിയുടെ പിതാവ് തള്ളി. തന്നോട് മൂന്ന് മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ ചാര്‍ജ് ചെയ്യാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും
ഇദ്ദേഹം പറഞ്ഞു.