നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകൻ ഫ്രാന്‍സിസ് തടത്തില്‍ അന്തരിച്ചു



കോഴിക്കോട്:
നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കോഴിക്കോട് കോടഞ്ചേരി സ്വദേശിയുമായ ഫ്രാന്‍സിസ് തടത്തില്‍ അന്തരിച്ചു. 52 വയസ്സായിരുന്നു. 

ന്യൂജേഴ്സിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഉണരാത്തതിനെത്തുടര്‍ന്ന് മക്കള്‍ വന്നു വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നത്. സംസ്‌കാരം പിന്നീട്.

ഇതിനു മുന്‍പ് നിരവധി തവണ മരണത്തില്‍ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് തടത്തില്‍. രക്താര്‍ബുദം പിടിപെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മനോധൈര്യം ഒന്നുകൊണ്ടു മാത്രം അസുഖത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരികയായിരുന്നു. കോഴിക്കോട് ദീപിക ദിനപത്രം ബ്യൂറോ ചീഫായും, മംഗളം ദിനപത്രം ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും 11 മക്കളില്‍ പത്താമനാണ് ഫ്രാന്‍സിസ്.

 ഭാര്യ: നെസ്സി തടത്തില്‍ (അക്യൂട്ട് കെയര്‍ നഴ്സ് പ്രാക്ടീഷണര്‍). മക്കള്‍: ഐറീന്‍ എലിസബത്ത് തടത്തില്‍, ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍.
أحدث أقدم