ഇരകളെ കഷണങ്ങളാക്കിയത് 'പാലക്കാടൻ കത്തി' ഉപയോഗിച്ച്; വാങ്ങിയത് ഭഗവൽ സിങ്ങ്, കടയിലെത്തിച്ച് തെളിവെടുത്തു, ഫോണിനായി അന്വേഷണം

 


പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ ഭഗവൽ സിങ്ങിനെയും ഭാര്യ ലൈലയെയും കൃത്യത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ കടയിൽ എത്തിച്ച് തെളിവെടുത്തു. പാലക്കാടൻ കത്തി ഉപയോഗിച്ചാണ് ഇരകളുടെ ശരീരം കഷണങ്ങളാക്കിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കടയിലെത്തിച്ച് തെളിവെടുത്തത്. മാര്‍ക്കറ്റ് റോഡില്‍ പോലീസ് സ്‌റ്റേഷന് മുന്നിലുള്ള കടയില്‍ നിന്നുമാണ് കത്തി വാങ്ങിയതെന്ന് ഭഗവല്‍ സിങ്ങ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. തുടര്‍ന്നാണ് ബുധനാഴ്ച ഉച്ചക്ക് തെളിവെടുപ്പിന് കൊണ്ടു വന്നത്.  പത്തനംതിട്ട ടൗണിലെ പോലീസ് സ്‌റ്റേഷന് എതിര്‍വശത്തുള്ള കത്തി വില്‍പ്പന കേന്ദ്രത്തിൽ ഭഗവല്‍ സിങ്ങിനെ എത്തിച്ചാണ് തെളിവെടുത്തത്. ലൈലയെ വാഹനത്തിൽ നിന്നും ഇറക്കാതെ ഭഗവൽ സിംഗിനെ മാത്രമാണ് കടയിൽ മുഖം മറച്ച നിലയിൽ കൊണ്ട് വന്നത്. കടയിലെ ജീവനക്കാർക്ക് ഭഗവല്‍ സിങ്ങിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കടയിൽ ആദ്യം ഉണ്ടായിരുന്ന ജീവനക്കാരിൽ ചിലര്‍ മാറിയിരുന്നു. പാലക്കാട് സ്വദേശികൾ കഴിഞ്ഞ ഓണത്തോടനുബന്ധിച്ചാണ് വിവിധ തരത്തിലുള്ള കത്തികൾ വിൽക്കുന്ന കട ഇവിടെ ആരംഭിച്ചത്. ഈ കടയിൽ നിന്നും വാങ്ങിയ കത്തി ഉപയോഗിച്ചാണ് പ്രതികൾ പത്മയെ കൊലപ്പെടുത്തിയത്. ആദ്യ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഭഗവല്‍ സിങുമായി അന്വേഷണ സംഘം തെളിവെടുപ്പിന് എത്തിയതറിഞ്ഞ് ധാരാളം പേർ പത്തനംതിട്ടയിൽ എത്തിയിരുന്നു. ഇവിടെ നിന്നും പ്രതികളുമായി എത്തിയ വാഹനങ്ങൾ മലയാലപ്പുഴ ഭാഗത്തേക്ക് പോയെങ്കിലും അധികം വൈകാതെ തിരികെ ഇലന്തൂരിലെ വീട്ടിലെത്തി. ഷാഫിയുടെ മൊഴി പ്രകാരം സമീപത്തെ തോട്ടില്‍ ഇരകളുടെ ഫോണിനായി തെരച്ചില്‍ തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ പെയ്ത മഴ കാരണം തോട്ടിൽ ശക്തമായ വെള്ളമൊഴുക്കുണ്ട്. ഇത് തെരച്ചിലിന് തടസമാണ്. ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണണ് സംഘം.


أحدث أقدم