പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ പി കെ ശശിക്കെതിരെ പാര്‍ട്ടി യോഗത്തില്‍ രൂക്ഷവിമര്‍ശനം. ആരും തമ്പുരാന്‍ ആകാന്‍ ശ്രമിക്കേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു വിമര്‍ശിച്ചു. ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണ സ്ഥാപനങ്ങളിലെ 10 വര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചു.
വിവിധ ആവശ്യങ്ങള്‍ക്കുള്ള പാര്‍ട്ടി ഫണ്ട് വെട്ടിച്ചെന്നും നാട്ടുചന്തയ്ക്ക് ഭൂമി വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്നുമാണ് ശശിക്കെതിരെ ആരോപണം ഉയര്‍ന്നത്. സഹോദരിയുടെ മകനും ഭാര്യയ്ക്കും നിയമനം നല്‍കി, ജില്ലാ സമ്മേളനത്തിനും ഓഫീസ് നിര്‍മ്മാണത്തിനും പിരിച്ച തുക മുക്കി തുടങ്ങിയ ആക്ഷേപങ്ങളും ശശിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. പി കെ ശശിയെ പിന്തുണച്ച നേതാക്കള്‍ക്കെതിരെയും മണ്ണാര്‍ക്കാട് ഏരിയാ, ലോക്കല്‍ കമ്മിറ്റി യോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു.
കമ്മറ്റികള്‍ ഫാന്‍സ് അസോസിയേഷന്‍ പോലെ പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു. പാര്‍ട്ടിയെ ശശിക്ക് തീറെഴുതിക്കൊടുത്തിട്ടില്ല. മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളജിന് വേണ്ടി സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് ഓഹരിയായി പണം ശേഖരിച്ചത് ആരുടെ അനുമതിയോടെയാണ് പണം ശേഖരിച്ചതെന്ന് യോഗത്തില്‍ ചോദ്യമുയര്‍ന്നു. പാര്‍ട്ടി അറിയാതെ എന്തിനാണ് പണം ശേഖരിച്ചതെന്നാണ് കമ്മിറ്റി യോഗങ്ങളില്‍ നേതാക്കള്‍ ചോദിച്ചതെന്നാണ് റിപ്പോർട്ടുകൾ.