കൊച്ചി: നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ പൊതുനിരത്തില്‍ പാടില്ലെന്ന് ഹൈക്കോടതി.നിയമവിരുദ്ധ ലൈറ്റുകളോ ശബ്ദസംവിധാനങ്ങളോ ഉള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാം. നിയമവിരുദ്ധ നിറങ്ങളുള്ള വാഹനങ്ങളും പിടിച്ചെടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.
ഇത്തരം നിയമവിരുദ്ധമായ ശബ്ദസംവിധാനങ്ങളുള്ള വാഹനങ്ങള്‍ കൂടുതലായും വിദ്യാര്‍ത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അപ്പോള്‍ ഇത്തരം നിയമവിരുദ്ധമായ വാഹനങ്ങള്‍ ഇനി സ്‌കൂള്‍-കോളജ് ക്യാംപസില്‍ കയറ്റാന്‍ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ ഇത്തരം വാഹനങ്ങളില്‍ വിനോദയാത്ര പോകേണ്ടതില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി നിലപാട് കടുപ്പിച്ചത്. കോടതി വടക്കഞ്ചേരി അപകടത്തിന്റെ ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പരിശോധിക്കുകയും ചെയ്തു.
പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങളോട് ഒരു സൗമ്യതയും വേണ്ടെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
നിയമം ലംഘിക്കുന്ന ബസ്സുകളുടെ ഫിറ്റ്‌നസ് റദ്ദാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. ഇത്തരം വാഹനങ്ങളുടെ ഡ്രൈവറുടെ ലൈസന്‍സും ഉടനടി സസ്‌പെന്‍ഡ് ചെയ്യണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും പി ജി അജിത് കുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
ആലത്തൂര്‍ ഡിവൈഎസ്പിയും ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും കോടതിയില്‍ ഹാജരായിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിരത്തിലോടുന്ന വാഹനങ്ങളെക്കുറിച്ച് പരാതി നല്‍കാന്‍ ഓരോ ജില്ലയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് നമ്ബരുകള്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലും വാട്‌സാപ്പ് നമ്പരുകൾ നല്‍കണം. ടൂറിസ്റ്റ് ബസുകള്‍, ട്രാവലറുകള്‍ തുടങ്ങിയവയുടെ യൂട്യൂബിലുള്ള പ്രമോ വീഡിയോകള്‍ പരിശോധിച്ചും നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.