കോട്ടയത്ത് വീണ്ടും എംഡിഎംഎ വേട്ട; പോത്ത് ഫാമിന്‍റെ മറവിൽ ലഹരിവിൽപ്പന; തിരുവഞ്ചൂർ സ്വദേശി പിടിയിൽ

 


കോട്ടയം: കോട്ടയത്ത് വീണ്ടും എക്‌സൈസിന്‍റെ എംഡിഎംഎ വേട്ട. പോത്ത് ഫാം നടത്തിയിരുന്ന വ്യക്തിയിൽ നിന്നും 20 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് മോനിപ്പള്ളിയിലെ എആർജെ ഫാം ഉടമയും കോട്ടയം തിരുവഞ്ചൂർ കായത്തിൽ സ്വദേശി ജിതിൻ കെ പ്രകാശിനെ (30) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. രണ്ട് ആഴ്ചയിൽ അധികമായി എക്സൈസ് സംഘം മഫ്തിയിലും എക്സൈസ് സൈബർ സെല്ലിന്‍റെ സഹായത്തോടെയും ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. രഹസ്യന്വേഷണം നടത്തിയ എക്‌സൈസ് സംഘം പോത്തിനെ വാങ്ങാൻ എന്ന വ്യാജേന ഫാമിൽ എത്തുകയും തന്ത്രപൂർവ്വം പ്രതിയെ കീഴ്‌പ്പെടുത്തുകയും ആയിരുന്നു. പ്രതിയുടെ വസ്ത്രത്തിനുള്ളിൽ ചെറു പാക്കറ്റുകളിലായും പോത്ത് ഫാമിലെ റൂമിൽ നിന്നും ഇയാളുടെ ഹ്യുണ്ടായ് വെർണ കാറിൽ നിന്നുമായി വിപണിയിൽ ഒരു ലക്ഷത്തിലേറെ വില മതിക്കുന്ന 20.893 ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ട് വന്നിരുന്ന എംഡിഎംഎ യുടെ പ്രധാന ആവശ്യക്കാർ യുവാക്കളും കോളേജ് വിദ്യാർത്ഥികളും ആയിരുന്നു. എംഡിഎംഎഎയ്ക്ക് അടിമയായ പ്രതി ഒരു വർഷത്തിൽ ഏറെയായി ആഡംബര ജീവിതം നയിക്കാൻ ലഹരി വില്പന നടത്തി വരുകയായിരുന്നു. പാതിരാത്രിയിൽ വരെ പോത്ത്ഫാമിൽ ന്യൂ ജനറേഷൻ ബൈക്കുകളിൽ യുവാക്കൾ എത്തി അനധികൃത ഇടപാടുകൾ നടത്തിയിരുന്നതായി സമീപവാസികൾ പറഞ്ഞു.

എക്സൈസ് വകുപ്പ് നടത്തി വരുന്ന നാർകോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്‍റെ നേതൃത്വത്തിൽ ഉള്ള എക്സൈസ് ടീം ആണ് പ്രതിയെ പിടികൂടിയത്. കോട്ടയം ജില്ലയിലെ എംഡിഎംഎ വിതരണത്തിന്‍റെ പ്രധാന ഇടനിലക്കാരാണ് ഇയാളെന്നും എക്‌സൈസ് സംഘം പറഞ്ഞു. സമൂഹത്തിനു ഭീഷണി ആവുന്ന തരത്തിൽ വളർന്നു വരുന്ന മയക്കമരുന്ന് ലോബിയെ അടിച്ചമർത്തുന്നതിനുള്ള തുടർ നടപടികൾ ഇനിയും ഉണ്ടാകുമെന്ന് കോട്ടയം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സിഐ രാജേഷ് ജോൺ തുടർന്ന് അറിയിച്ചു.
أحدث أقدم