എറണാകുളം: ഇലന്തൂരിൽ നടന്ന ഇരട്ടനരബലിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. റോസിലി, പദ്മ എന്നിവരെ ക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. ഇരുവരെയും കൊലപ്പെടുത്തിയത് എങ്ങനെയാണെന്നുള്ള വിവരങ്ങളാണ് ഒന്നും രണ്ടും മൂന്നും പ്രതികളായ ഷാഫിയും ഭഗവൽ സിങ്ങും ലൈലയും പോലീസിനോട് വെളിപ്പെടുത്തിയത്. ഇര പിടഞ്ഞ് മരിച്ചാൽ മാത്രമേ നരബലിയുടെ ഫലപ്രാപ്തിയും പുണ്യവും കിട്ടുകയുള്ളൂവെന്ന് ഷാഫി മറ്റ് രണ്ട് പ്രതികളെ പറഞ്ഞ് വിശ്വസിപ്പിച്ചു. കഴിഞ്ഞ ജൂണിലാണ് റോസിലിനെ ഇലന്തൂരിലുള്ള ഭഗവൽ സിങ്ങിന്റെയും ലൈലയുടെയും വീട്ടിൽ വെച്ച് കൊലപ്പെടുത്തിയത്. റോസിലിന്റെ കൈകളും കാലുകളും കട്ടിലിൽ ബന്ധിച്ച ശേഷം കത്തി കൊണ്ട് ശരീരമാസകലം വരഞ്ഞു. കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാനായി വായിൽ തുണി തിരുകിയിരുന്നു. കറിക്കത്തിയും മറ്റും ഉപയോഗിച്ചാണ് റോസിലിയുടെ ശരീരത്തിൽ മുറിവുകളുണ്ടാക്കിയത്. മുറിവുകളിൽ പ്രത്യേകം തയ്യാറാക്കി വെച്ചിരുന്ന മസാലപ്പൊടി തേച്ചെന്നും ഷാഫി പോലീസിനോട് പറഞ്ഞു. മുളകുപൊടിയും ചിക്കൻ മസാലയും ഗ്രാമ്പുവും കറുവപ്പട്ടയുമാണ് പ്രത്യേകം തയ്യാറാക്കി ശരീരത്തിൽ തേച്ചത്. തുടർന്ന് ലൈലയുടെ കൈയ്യിൽ കത്തി നൽകി റോസിലിയുടെ സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കിച്ചു. ക്രൂരമായി ലൈല റോസിലിയെ മർദ്ദിക്കുകയും ചെയ്തു. വേദന കൊണ്ട് റോസിലി പുളഞ്ഞപ്പോൾ ഷാഫി ആർത്ത് ചിരിച്ചെന്നും പോലീസിന് മൊഴി നൽകി.
റോസിലിയുടെ കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തിരുകിയ തുണിയുടെ മുകളിൽ പ്ലാസ്റ്ററും ഒട്ടിച്ചു. റോസിലിയുടെ ശരീരത്തിൽ പുരട്ടാൻ അടുക്കളയിൽ തയ്യാറാക്കി വെച്ചിരുന്ന മസാല എടുത്ത് കൊണ്ട് നൽകിയത് ഭഗവൽ സിങ്ങാണ്. ഇത്രയും ചെയ്ത ശേഷം റോസിലി അബോധാവസ്ഥയിലാകുകയും മരിക്കുമെന്ന നിലയിലാകുകയും ചെയ്തു. ഇതോടെ ഷാഫിയും ലൈലയും ചേർന്ന് കഴുത്ത് മുറിച്ച റോസിലിയെ കൊലപ്പെടുത്തിയെന്നാണ് മൊഴി. പിന്നീട് പ്രതികൾ റോസിലിയുടെ മാറിടം മുറിച്ച് മാറ്റിയെന്നും പോലീസിനോട് പറഞ്ഞു. ഇതിനിടെ, കൊലപാതകം നടന്ന ദിവസം ഇവരുടെ വീട്ടിലെത്തിയ ലൈലയുടെ ബന്ധുവിനെ ഉടൻ തന്നെ അവിടെ നിന്ന് പറഞ്ഞുവിട്ടു. ബന്ധുവും ഇക്കാര്യം പോലീസിനോട് പറഞ്ഞിരുന്നു. അപരിചിതനായ വ്യക്തിയെ അവിടെ കണ്ടെന്നും ബന്ധു വെളിപ്പെടുത്തിയിരുന്നു.