മുഖ്യമന്ത്രി പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ യജ്ഞം പാളി; സെക്രട്ടേറിയറ്റിൽ മാത്രം കെട്ടിക്കിടക്കുന്നത് അഞ്ചര ലക്ഷത്തോളം ഫയലുകൾ





തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീര്‍പ്പാക്കാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ച തീവ്രയജ്ഞ പരിപാടി പാളി. സെപ്തംബര്‍ മുപ്പതിനകം ഫയൽ തീര്‍പ്പാക്കാൻ കര്‍ശന നിര്‍ദ്ദേശം നൽകിയിരുന്നെങ്കിലും പകുതി ഫയലുകളിൽ പോലും തീര്‍പ്പുണ്ടായില്ല. സമയ പരിധി ഒരുമാസം കൂടി നീട്ടി ഉത്തരവിറക്കാനാണ് സര്‍ക്കാര്‍ ആലോചന

ഓരോ ഫയലും ഓരോ ജീവിതമാണെന്ന വിഖ്യാത പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ഫയൽ തീര്‍പ്പാക്കൽ തീവ്ര യജ്ഞം പ്രഖ്യാപിച്ചത്. ജൂൺ 15 മുതൽ സെപ്തംബര്‍ 30 വരെ തീരുമാനിച്ചത് പ്രത്യേക കര്‍മ്മ പദ്ധതി.

സമയപരിധി തീര്‍ത്ത് പത്ത് ദിവസം കൂടി പിന്നിടുമ്പോൾ സര്‍ക്കാര്‍ ഓഫീസുകളിലെ സ്ഥിതി പരിതാപകരമാണ്. ഓഗസ്റ്റ് 15 വരെയുള്ള കണക്ക് അനുസരിച്ച് സെക്രട്ടേറിയറ്റിലേലും വിവിധ ഡയറക്ടേറ്റുകളിലും കെട്ടിക്കിടക്കുന്നത് 8,53,088 ഫയൽ. അതിൽ തീര്‍പ്പാക്കിയത് 3, 28,910 ഫയൽ, തീര്‍പ്പ് കാത്തിരിക്കുന്നത് 5,24,178 ഫയൽ. അതായത് തീവ്ര യജ്ഞം പ്രഖ്യാപിച്ചിട്ടും തീര്‍പ്പാക്കിയത് വെറും 38 ശതമാനം ഫയൽ മാത്രം.

മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ട് അവധി ഒഴിവാക്കി ജീവനക്കാര്‍ എത്തിയിട്ടും സെക്രട്ടേറിയറ്റിൽ പോലും അത് പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സെപ്തംബര്‍ മുപ്പതെന്ന സമയപരിധി തീരുമ്പോൾ സെക്രട്ടേറിയറ്റിൽ മാത്രം രണ്ട് ലക്ഷത്തോളം ഫയൽ കെട്ടിക്കിടക്കുകയാണ്. പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിക്ക് കീഴിലെ പൊതുഭരണ വകുപ്പിൽ 15407 ഫയലും ആഭ്യന്തര വകുപ്പിൽ 14314 ഫയലും ഉണ്ടെന്നാണ് കണക്ക്. 

ആരോഗ്യം വിദ്യാഭ്യാസം തദ്ദേശ ഭരണ വകുപ്പുകളാണ് ഫയൽ തീര്‍പ്പാക്കൽ യജ്ഞത്തിൽ വളരെ പിന്നിൽ. നയപരമായ തീരുമാനം എടുക്കേണ്ട ഫയലുകൾ എത്തുന്നതും ഉന്നത ഉദ്യോഗസ്ഥരുടെ നിസ്സകരണവുമാണ് സെക്രട്ടേറിയറ്റിൽ ഫയൽ നീക്കം ഇഴയാൻ കാരണമെന്നാണ് ജീവനക്കാര്‍ വിശദീകരിക്കുന്നത്. ഫയൽ തീര്‍പ്പാക്കൽ യജ്ഞം പാളിയതോടെ സമയ പരിധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്


أحدث أقدم