സോണിയ കുടുംബ ട്രസ്റ്റുകൾ വിദേശ സഹായം സ്വീകരിക്കുന്നത് കേന്ദ്ര സർക്കാർ വിലക്കി


  
 ന്യൂഡൽഹി : കോൺഗ്രസ് താൽക്കാലിക അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വംനല്‍കുന്ന രണ്ട്‌ ട്രസ്റ്റുകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയ്ക്കെതിരെയാണ് വിദേശ നാണ്യവിനിമയ ചട്ടപ്രകാരമുള്ള നടപടി. ട്രസ്ററുകളിൽ നടന്ന ക്രമക്കേട് സംബന്ധിച്ച് സി ബി ഐ അന്വേഷണം നടത്താനും സാധ്യത തെളിഞ്ഞിട്ടുണ്ട്.

1991 മുതല്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ട്രസ്റ്റുകളും വിദേശ സഹായം സ്വീകരിച്ചതില്‍ വിദേശ നാണ്യവിനിമയ ചട്ടലംഘനമുണ്ടെന്ന മന്ത്രിതല സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്‍.ജി.ഒകളുടെ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-ല്‍ രൂപീകരിച്ച സമിതി കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെ എഫ് സി ആര്‍എ ലൈസന്‍സ് റദ്ദാക്കി. ആഭ്യന്തരമന്ത്രാലയത്തിന്‍റെ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.സംഘടനക്ക് ഇനി മുതല്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കാനാവില്ല.

രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനയുടെ സാമ്പത്തിക സഹായം ലഭിച്ചതായി ബിജെപി ആരോപിച്ചിരുന്നു. വിവാദ രത്നവ്യാപാരി മെഹുല്‍ ചോക്സിയില്‍ നിന്ന് പണം സ്വീകരിച്ചു, യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം വകമാറ്റി തുടങ്ങിയ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

സോണിയ ഗാന്ധി അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷനില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പി ചിദംബരം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ട്രസ്റ്റികളാണ്. 1991ല്‍ സ്ഥാപിച്ച രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്ര സാങ്കേതിക മേഖലകളിലാണ് ശ്രദ്ധ ചെലുത്തിയിരുന്നത്.

സോണിയ കുടുംബം അധ്യക്ഷ സ്ഥാനത്തുള്ള രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിര ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നീ സംഘടനകള്‍ക്കെതിരെയും ആഭ്യന്തരമന്ത്രാലയത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.

രാജ്യത്തെ ആറായിരത്തിലധികം സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് ഇതിനകം റദ്ദായിട്ടുണ്ട്..ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കാത്തവ . തൃപ്തികരമായ രേഖകളില്ലാത്തതിനാല്‍ ആഭ്യന്തരമന്ത്രാലയയം അപേക്ഷ തള്ളിയവ… ഇങ്ങനെ പല കാരണങ്ങളാൽ 6003 സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സാണ് റദ്ദായത്.

രാജ്യത്ത് വിദേശ ഫണ്ട് സ്വീകരിച്ച് 22832 സ്ഥാപനങ്ങളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ഇവയുടെ എണ്ണം 16,829 ആയി. ലൈസന്‍സ് റദ്ദായ സംഘടനകള്‍ക്ക് അപ്പീൽ നല്‍കാം.

നൊബേൽ സമ്മാന ജേതാവായ മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാന്‍ വിലക്ക് പ്രഖ്യാപിച്ചെങ്കിലും ബന്ധപ്പെട്ട രേഖകൾ ഹജരാക്കിയതോടെ പിന്നീട് വിലക്ക് നീക്കി.
أحدث أقدم