കണ്ണൂരിൽ വയറുവേദനയുമായി ആശുപത്രിയിലെത്തിയ പ്ലസ് ടു വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു


കണ്ണൂര്‍: വയറുവേദനയുമായി ആശുപത്രിയിലെത്തിയ പ്ലസ് ടു വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു. കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് പതിനേഴുകാരി പ്രസവിച്ചത്. ആണ്‍കുഞ്ഞിനാണ് പെൺകുട്ടി ജന്മം നല്‍കിയത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് വയറുവേദനയുമായി പ്ലസ് ടു വിദ്യാർഥിനിയെ ഇരിട്ടിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനകൾക്കിടെ ശുചിമുറിയിലേക്ക് പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ശുചിമുറിയിൽ പ്രസവിച്ചെന്ന് കണ്ടെത്തിയത്. ഉടൻ ഡോക്ടറും ആശുപത്രി ജീവനക്കാരും ചേർന്ന് പെൺകുട്ടിയെയും കുഞ്ഞിനെയും വാർഡിലേക്ക് മാറ്റി. ഇതിന് പിന്നാലെ പെൺകുട്ടിയുടെ ആരോഗ്യനില വഷളായി. പെട്ടെന്ന് തന്നെ അമ്മയെയും കുഞ്ഞിനെയും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ബന്ധുക്കള്‍ അവിടെ നല്‍കിയ പ്രായം പതിനേഴ് വയസായിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

أحدث أقدم