കണ്ണൂർ കൊലപാതകം'അഞ്ചാംപാതിര'മോഡലിൽ ആസൂത്രണം ചെയ്തു; ആയുധങ്ങൾ ഓൺലൈനിൽ വാങ്ങി


കണ്ണൂര്‍ : പാനൂര്‍ വള്ള്യായില്‍ വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ പ്രതി ശ്യാംജിത്ത് ആയുധങ്ങൾ വാങ്ങിയത് ഓൺലൈനിൽ. ഓൺലൈനിൽ മിനി കോഡ് ലെസ് ചെയിൻസോ (Mini cordless chainsaw) ഓൺലൈനിൽ വാങ്ങി. ഇത് ഉപയോഗിച്ച് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ കൊലപാതക ശ്രമത്തിനിടയിൽ മൽപ്പിടുത്തമുണ്ടായാൽ ബാറ്ററി ഊരിപോകുമെന്ന സംശയത്താൽ കത്തി ഉപയോഗിച്ചു. സ്വന്തമായി നിർമിച്ച കത്തിയാണ് ഉപയോഗിച്ചത്. കത്തി മൂർച്ചയാക്കാനുള്ള ഉപകരണവും ഓൺലൈനിൽ വാങ്ങി. ഗൂഗിളിൽ സെർച്ച് ചെയ്താണ് കൊലപാതകം ആസൂത്രണം ചെയ്തത്. ശ്യാംജിത്ത് ഉപയോഗിച്ച ആയുധങ്ങളും വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ശ്യാംജിത്തിന്റെ വീടിനു മുന്നിലെ വയലിൽ നിന്നാണ് ആയുധങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് കണ്ടെടുത്തത്. ആയുധങ്ങൾ ബാഗിലാക്കി വയലിലെ കുഴിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു. അഞ്ചാം പാതിരാ സിനിമ മാതൃകയിലാണ് ശ്യാംജിത്ത് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലക്ക് ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ബാർബർ ഷോപ്പിൽ നിന്ന് ശേഖരിച്ച മുടി പ്രതി ബാഗിൽ കരുതി. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ ഓൺലൈൻ ആയി വാങ്ങിയപ്പോൾ കത്തി സ്വന്തമായി നിർമ്മിച്ചു. കത്തിക്ക് മൂർച്ച കൂട്ടാൻ ഉപയോഗിച്ച ഉപകരണം വീട്ടിൽ നിന്ന് കണ്ടെടുത്തു.  പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പെൺകുട്ടിയുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങായിരുന്നു ഇന്നലെ. തറവാട്ട് വീട്ടിൽ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയ വിഷ്ണുപ്രിയ തിരിച്ചു വരാതായതോടെ കുടുംബാംഗങ്ങൾ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വിഷ്‌ണുപ്രിയയുടെ പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങി. ശ്യാംജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

أحدث أقدم