ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; ആന്‍ഡമാന്‍ നിക്കോബാര്‍ മുന്‍ ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും ലൈംഗിക പീഡന പരാതി


ആന്‍ഡമാന്‍: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആന്‍ഡമാന്‍ നിക്കോബാര്‍ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരെയിനിനെതിരെ സമാന പരാതിയുമായി മറ്റൊരു സ്ത്രീ. ജോലിസ്ഥലത്തെ ലൈംഗികാതിക്രമണത്തിനെതിരെയുള്ള വിശാഖ മാര്‍ഗരേഖ പ്രകാരമാണ് സ്ത്രീ നരെയിനിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് 21 കാരി പരാതി നല്‍കിയതോടെയാണ് നരെയിനും ലേബര്‍ കമ്മീഷണര്‍ ആര്‍എല്‍ ഋഷിയും വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ 20-ലധികം സ്ത്രീകളെ നരെയ്ന്‍ പോര്‍ട്ട് ബ്ലെയറിലെ വസതിയില്‍ കൊണ്ടുപോയതായി കണ്ടെത്തിയിരുന്നു. ലൈംഗികമായി ചൂഷണം ചെയ്ത സ്ത്രീകളിൽ ചിലർക്ക് പിന്നീട് ജോലി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചീഫ് സെക്രട്ടറിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ജിതേന്ദ്ര നരെയ്‌നെതിരെ യുവതിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും, ഇത് വിശാഖ കമ്മിറ്റിക്ക് അയച്ചിട്ടുണ്ടെന്നും ആന്‍ഡമാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.പരാതിയുടെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗ കുറ്റത്തിന്കേസ് രജിസ്റ്റര്‍ ചെയ്തു. പരാതിക്കാരിയായ സ്ത്രീയെ ചോദ്യം ചെയ്യുകയും തുടര്‍ നടപടിക്കായി കേസ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തതായി ആന്‍ഡമാന്‍ ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.  നരെയ്ന്‍ ചീഫ് സെക്രട്ടറിയായിരിക്കെയാണ് യുവതിക്ക് കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചത്. വിഷയം ഇപ്പോള്‍ കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.  രാജ്യത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലും ആന്തരിക പരാതി സമിതികള്‍ രൂപീകരിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതാണ് വിശാഖ വിധിയില്‍ പറഞ്ഞിരിക്കുന്ന സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. 1998ല്‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ജോലിസ്ഥലങ്ങളില്‍ സ്വീകരിക്കേണ്ട പെരുമാറ്റച്ചട്ടം രൂപീകരിക്കുകയും, ഇത് എല്ലാ സംസ്ഥാനങ്ങളിലെയും വനിതാ കമ്മീഷനുകള്‍ക്കും എന്‍ജിഒകള്‍ക്കും കോര്‍പ്പറേറ്റ് മേഖലകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ നരെയ്ണിതിരെയുള്ള കൂട്ടബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നരെയ്‌നെ ബന്ധപ്പെട്ടിരുന്നു. ഒരു ഹോട്ടല്‍ ഉടമയാണ് ഋഷിയെ പരിചയപ്പെടുത്തിയതെന്നാണ് പരാതിയില്‍ യുവതി പറയുന്നത്. കമ്മീഷണര്‍ തന്നെയാണ് ചീഫ് സെക്രട്ടറിയുടെ വസതിയില്‍ കൊണ്ടുപോയതെന്നും യുവതി പറയുന്നുണ്ട്.  നരെയ്‌നിന്റെ വസതിയിലെത്തിയ തനിക്ക് അവര്‍ സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും യുവതി ആരോപിച്ചു. വസതിയില്‍ വെച്ച് തനിക്ക് മദ്യം വാഗ്ദ്ധാനം ചെയ്തുവെങ്കിലും ഇത് നിഷേധിക്കുകയായിരുന്നു. എന്നാല്‍ അതിന് ശേഷം ഇരുവരും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം.   ഒക്ടോബര്‍ 16-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇതുസംബന്ധിച്ച് ആന്‍ഡമാന്‍ നിക്കോബാര്‍ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. റിപ്പോര്‍ട്ട് പ്രകാരം ജിതേന്ദ്ര നരെയ്ന്‍, മോശമായി പെരുമാറിയതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനെ തുടര്‍ന്നും ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദ്ദേശിച്ചിരുന്നു.

أحدث أقدم