സ്വർണ്ണക്കടത്തിന് പുതിയ രീതി; ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ സ്വർണ തോർത്തുകളുമായി പിടിയിൽ


നെടുമ്പാശ്ശേരി: എയർ കസ്റ്റംസിനെ കബളിപ്പിക്കാൻ സ്വർണ്ണക്കടത്തിന് പുതിയ രീതി അവലംബിച്ച് പ്രതികൾ. സ്വർണ തോർത്തുകളുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ വെച്ച് പിടിയിലായി. തൃശ്ശൂർ സ്വദേശിയായ ഫഹദ് (26) ആണ് സ്വർണ്ണം കടത്താൻ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്. ഈ മാസം 10ന് ദുബായിൽ നിന്നും (എസ് ജി 54) സ്‌പൈസ് ജെറ്റിലാണ് ഇയാൾ നെടുമ്പാശ്ശേരിയിൽ എത്തിയത്. ദ്രാവക രൂപത്തിലുള്ള സ്വർണ്ണത്തിൽ തോർത്തുകൾ (ബാത്ത് ടൗവ്വലുകൾ) മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്ത് സ്വർണ്ണം കടത്താനാണ് ഫഹദ് ശ്രമിച്ചത്. ഒരാഴ്ച്ച മുമ്പ് കരിപ്പൂരിലും വൻ സ്വർണ്ണ വേട്ട നടന്നിരുന്നു. 41.70 ലക്ഷം രൂപയുടെ സ്വർണമാണ് അന്ന് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് എയർകാർഗോ കോംപ്ലക്സ് വഴി കേക്ക് നിർമിക്കുവാൻ ഉപയോഗിക്കുന്ന റോളറിലൂടെ കടത്തുവാൻ ശ്രമിച്ച ഏകദേശം 1കിലോയോളം സ്വർണമാണ് എയർകാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മലപ്പുറം തിരൂർക്കാട് സ്വദേശിയായ സെൽവം (24) ദുബായിൽ നിന്നു ഇറക്കുമതി ചെയ്ത ബാഗേജിൽ ഉണ്ടായിരുന്ന റോളറിന്റെ കൈപിടിയിൽ നിന്നാണ് സ്വർണം പിടികൂടിയത്.

أحدث أقدم