വിവാഹദിവസം വരന്റെ വീട്ടിലെ അടുക്കള കാണല്‍ ചടങ്ങിനിടെ അടിപൊട്ടി, മൂന്ന് പേര്‍ പിടിയിൽ


 മാന്നാര്‍ (ആലപ്പുഴ) : ചെന്നിത്തല ചെറുകോല്‍ അയ്യപ്പക്ഷേത്രത്തിനു സമീപമുള്ള വിവാഹ വീട്ടില്‍ ഞായറാഴ്ച രാത്രിയില്‍ ഏഴംഗസംഘം നടത്തിയ അക്രമത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.

ചെറുകോല്‍ ചിത്തിരയില്‍ മിഥുന്‍ (26), ചെറുകോല്‍ വിഷ്ണു നിവാസില്‍ മനോജ്‌ (26) എന്നിവര്‍ക്കാണ് തലയ്ക്ക് പരിക്കേറ്റത്. പ്രതികളായ ചെറുകോല്‍ സംഗീത് ഭവനത്തില്‍ സംഗീത് (20), ചെറുകോല്‍ ഇടശേരിയത്ത് വീട്ടില്‍ ജിഷ്ണു (22), ചെറുകോല്‍ ഗോകുല്‍ നിവാസില്‍ ഗോകുല്‍ കൃഷ്ണ (18) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ചെന്നിത്തല ചെറുകോലുള്ള വരന്റെ വീട്ടില്‍ അടുക്കള കാണല്‍ ചടങ്ങ് നടക്കുന്നതിനിടെയാണ് അക്രമം നടന്നത്. ചടങ്ങ് നടക്കുന്നതിനിടെ പ്രതികള്‍ ബൈക്കില്‍ ചീറിപ്പാഞ്ഞു ഭീതി പരത്തുകയും വീടിന് മുന്നിലെത്തി അസഭ്യം പറയുകയും ചെയ്തു. ഇത് ആവര്‍ത്തിച്ചപ്പോള്‍ വിവാഹ വീട്ടിലെ ആളുകള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ പോയി സുഹൃത്തുക്കളുമായി വന്ന് അക്രമം നടത്തുകയായിരുന്നു. കണ്ടാല്‍ അറിയാവുന്ന നാല് പ്രതികളെ കൂടി പിടികൂടാനുണ്ട്. 

മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്‌.ഒ. ജി.സുരേഷ് കുമാര്‍, എസ്.ഐമാരായ അഭിരാം, ബിജുക്കുട്ടന്‍, ജി.എസ്.ഐ സജികുമാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ദിനീഷ് ബാബു, സിവില്‍ പൊലീസ് ഓഫീസര്‍ ജഗദീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
أحدث أقدم