തിരുവനന്തപുരം : പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ പരാതിയിൽ കൂടുതൽ തെളിവുകൾ കണ്ടെടുത്തു. പരാതിക്കാരിയായ യുവതിയെ എം എൽ എ മർദിച്ചെന്ന് പറയുന്ന ദിവസം ധരിച്ചിരുന്ന ടീഷർട്ടാണ് കണ്ടെത്തിയത്. മർദനമേൽക്കുമ്പോൾ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളും പകുതി ഉപയോഗിച്ച മദ്യക്കുപ്പിയും പൊലീസിന് ലഭിച്ചു. പരാതിക്കാരിയുടെ വീട്ടിൽനിന്നാണ് തെളിവുകൾ കണ്ടെത്തിയത്.
സംഭവദിവസം എൽദോസ് പരാതിക്കാരിയുടെ വീട്ടിലേക്ക് മദ്യവുമായാണ് എത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. ഇത് തെളിയിക്കുന്ന പകുതി ഉപയോഗിച്ച മദ്യക്കുപ്പിയും പൊലീസ് ശേഖരിച്ചു. എറണാകുളത്തെ വിവിധ കേന്ദ്രങ്ങളിലും പെരുമ്പാവൂരിലെ വീട്ടിലും എം എൽ എ പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയിരുന്നു. പെരുമ്പാവൂരുള്ള എംഎൽഎയുടെ വീട്ടിൽ ഇന്ന് തെളിവെടുക്കാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോർട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. എൽദോസിന്റെ ഭാര്യയുടെയും പിഎ, ഡ്രൈവർ എന്നിവരുടെയും മൊഴി പൊലീസ് രേഖപ്പടുത്തി.
പരാതിക്ക് പിന്നാലെ ഒളിവിൽപ്പോയ എൽദോസ് കുന്നപ്പിള്ളിയെ ഇനിയും കണ്ടെത്താനായിട്ടില്ല. എം എൽ എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ചയാണ് വിധി പറയുന്നത്. മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയാൽ ഹൈകോടതിയെ സമീപിക്കാനാണ് എൽദോസിന്റെ നീക്കം.