അടുത്ത വർഷം ഇന്ത്യയിൽ വൻ ശമ്പള വർദ്ധനയുണ്ടാകും; ഏറ്റവും കുറവ് പാകിസ്ഥാനിലും ശ്രീലങ്കയിലും


ന്യൂഡൽഹി: ലോകം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. പണപെരുപ്പം രൂക്ഷമാകുന്നത് ലോക രാജ്യങ്ങളിൽ ശമ്പള വർദ്ധനവിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യയെ ഈ പ്രശ്നങ്ങൾ ബാധിക്കില്ല. 2023ൽ വൻ ശമ്പള വർദ്ധനവിന് രാജ്യം സാക്ഷ്യം വഹിക്കും. 68 രാജ്യങ്ങളിലെയും നഗരങ്ങളിലെയും 360-ലധികം മൾട്ടിനാഷണൽ കമ്പനികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ECA-യുടെ സാലറി ട്രെൻഡ് സർവേ അനുസരിച്ച് ആഗോളതലത്തിൽ 37 ശതമാനം രാജ്യങ്ങളിലും വേതന വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ശമ്പളകാര്യത്തിൽ ഏറ്റവും കൂടുതൽ ഇടിവുണ്ടാകുന്നത് യൂറോപ്പിലായിരിക്കും. അവിടെ നാമമാത്രമായ വേതന വളർച്ച മാത്രമായിരിക്കും ഉണ്ടാകുക. യൂറോപ്പിൽ നാണയപ്പെരുപ്പത്തിന്റെ നിരക്ക് - ശരാശരി 1.5 ശതമാനം കുറയുന്നതായി തൊഴിൽ സേനാ കൺസൾട്ടൻസി അഭിപ്രായപ്പെടുന്നു, സർവേ കണ്ടെത്തലുകളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് പറഞ്ഞു. അമേരിക്കയിൽ ഈ വർഷം വേതനത്തിൽ 4.5 ശതമാനത്തിന്റെ റിയൽ ടേം ഇടിവ് കണ്ടു, അടുത്ത വർഷം പണപ്പെരുപ്പം കുറയുന്നത് വഴി അമേരിക്കയിൽ ശമ്പളം വർദ്ധനവ് പ്രതീക്ഷിക്കുന്നു. അവിടെ ഒരു ശതമാനം ശമ്പള വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ, 2000-ൽ സർവേ ആരംഭിച്ചതിനുശേഷം, യുകെയിലെ ജീവനക്കാർക്ക് ഈ വർഷം ഏറ്റവും വലിയ തിരിച്ചടി നേരിട്ടു. 3.5 ശതമാനം ശരാശരി നാമമാത്രമായ ശമ്പള വർദ്ധനവുണ്ടായിട്ടും, യഥാർത്ഥ അടിസ്ഥാനത്തിൽ ശമ്പളം 5.6 ശതമാനം ഇടിഞ്ഞു, കാരണം ശരാശരി 9.1 ശതമാനം പണപ്പെരുപ്പമാണ് അവിടെ റിപ്പോർട്ട് ചെയ്തത്. 2023-ൽ യുകെയിൽ ശമ്പള വർദ്ധനവിന്‍റെ തോത് 4 ശതമാനം കുറയും.

അതേസമയം, ആഹ്ലാദിക്കാനുള്ള ഒരു വാർത്തയായി വരുന്നത്, അടുത്ത വർഷം ശമ്പളം വർധിക്കുമെന്ന് പ്രവചിച്ച ആദ്യ 10 രാജ്യങ്ങളിൽ എട്ടെണ്ണം ഏഷ്യൻ രാജ്യങ്ങളാണെന്നതാണ്. ഈ പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. ഇന്ത്യയിൽ ശമ്പള വർദ്ധനവിന്‍റെ തോത് 4.6 ശതമാനവും വിയറ്റ്നാമിൽ 4.0 ശതമാനവും ചൈനയിൽ 3.8 ശതമാനവുമാണ്.

“ഞങ്ങളുടെ സർവേ 2023-ൽ ആഗോളതലത്തിൽ തൊഴിലാളികൾക്ക് മറ്റൊരു ദുഷ്‌കരമായ വർഷമാണ് സൂചിപ്പിക്കുന്നത്. സർവേയിൽ പങ്കെടുത്ത രാജ്യങ്ങളിൽ ഏകദേശം മൂന്നിലൊന്ന് മാത്രമേ യഥാർത്ഥ ശമ്പള വർദ്ധനവ് ഉണ്ടാകൂ, എന്നിരുന്നാലും ഇത് 2022-നെക്കാൾ മികച്ചതാണ്. ECA പ്രകാരം 2022 ൽ ശരാശരി ശമ്പളം 3.8 ശതമാനം കുറഞ്ഞു.
"- ECA ഇന്റർനാഷണലിന്റെ ഏഷ്യയിലെ റീജിയണൽ ഡയറക്ടർ ലീ ക്വാൻ പറഞ്ഞു:

2023-ൽ ശമ്പള വർദ്ധനവ് പ്രവചിക്കപ്പെടുന്ന മികച്ച 10 രാജ്യങ്ങൾ

ഇന്ത്യ (4.6 ശതമാനം)

വിയറ്റ്നാം (4.0 ശതമാനം)

ചൈന (3.8 ശതമാനം)

ബ്രസീൽ (3.4 ശതമാനം)

സൗദി അറേബ്യ (2.3 ശതമാനം)

മലേഷ്യ (2.2 ശതമാനം)

കംബോഡിയ (2.2 ശതമാനം)

തായ്‌ലൻഡ് (2.2 ശതമാനം)
ഒമാൻ (2.0 ശതമാനം)

റഷ്യ (1.9 ശതമാനം)

2023ൽ ശമ്പള വർദ്ധനവിൽ ഏറ്റവും താഴെയുള്ള അഞ്ച് രാജ്യങ്ങൾ

പാകിസ്ഥാൻ (-9.9 ശതമാനം)

ഘാന (-11.9 ശതമാനം)

തുർക്കി (-14.4 ശതമാനം)

ശ്രീലങ്ക (-20.5 ശതമാനം)

അർജന്റീന (-26.1 ശതമാനം)
أحدث أقدم