'സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു'; ടൂറിസ്റ്റ് ഹോമിൽ മധ്യവയസ്ക്കന്‍റെ ആത്മഹത്യാശ്രമം; മുൾമുനയിൽ മണിക്കൂറുകൾ


കല്‍പ്പറ്റ: സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് ചിലര്‍ മർദ്ദിച്ചവശനാക്കി തട്ടിയെടുത്തുവെന്നും ഇതുമായി ബന്ധപ്പെട്ട കേസില്‍ നീതി ലഭിച്ചില്ലെന്നുമാരോപിച്ച് ടൂറിസ്റ്റ് ഹോമിൽ മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം. കൽപ്പറ്റ സിവില്‍ സ്റ്റേഷന് സമീപത്തെ സ്വകാര്യ ഹോം സ്റ്റേയിൽ മുറിയെടുത്ത കൊല്ലം പുനലൂര്‍ അഞ്ജലി ഭവനില്‍ രമേശനാണ് (48) ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ലൈറ്ററും കൈയിലേന്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങൾ വാതില്‍ ചവിട്ട് പൊളിച്ച് അകത്തുകയറിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. 2020 ജനുവരിയില്‍ അമ്പലവയല്‍ പൂപ്പൊലി പുഷ്‌പോല്‍സവത്തിനെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്നും 80 ലക്ഷം രൂപ അടിച്ചിരുന്നുവെന്നും ഇത് ചിലര്‍ തന്ത്രപൂര്‍വം തട്ടിയെടുക്കുകയായിരുന്നുവെന്നുമാണ് രമേശന്‍റെ ആരോപണം.

മര്‍ദിച്ച് അവശനാക്കിയശേഷം വാഴവറ്റയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ പറയുന്നു. ഇതുസംബന്ധിച്ച പോലീസില്‍ നല്‍കിയ പരാതിയില്‍ തുടര്‍നടപടിയുണ്ടായില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമമെന്നും ഇയാള്‍ പറഞ്ഞു. സിവില്‍ സ്റ്റേഷനിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ ഒന്നാം നിലയിലെ മുറി അടച്ച് കുറ്റിയിട്ട് ടോയ്‌ലെറ്റിലെ വെന്‍റിലേഷന്‍ വഴിയായിരുന്നു ആത്മഹത്യാഭീഷണി.

ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ജീവിതം മടുത്തുവെന്നും സ്വകാര്യ ഹോട്ടല്‍ മുറിയില്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും അറിയിച്ചുകൊണ്ട് വയനാട് പ്രസ് ക്ലബിലേക്ക് ഫോണ്‍ വിളിക്കുകയായിരുന്നു. പ്രസ് ക്ലബ്ബ് ഓഫീസ് സെക്രട്ടറി പ്രേമലത വിവരം പോലീസില്‍ അറിയിച്ചു. ഉടനെ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തി. ബാത്ത്റൂമിലെ വെന്‍റിറിലേഷന്‍ വഴിയാണ് ഇയാള്‍ നാട്ടുകാരോട് സംസാരിച്ചത്.
ഉദ്യോഗസ്ഥരടക്കമുള്ളവർ നിരവധി തവണ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇയാളുടെ കൈയില്‍ റബ്ബല്‍ ടാപ്പിങിന് ഉപയോഗിക്കുന്ന കത്തിയും ഉണ്ടായിരുന്നു. പിന്നീട് ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, എഡിഎം, ജില്ല പോലീസ് മേധാവി എന്നിവരോട് സംഭവസ്ഥലത്ത് എത്താനും ഇയാൾ ആവശ്യപ്പെട്ടു. ഉച്ചക്ക് ഒന്നോടെ തഹസില്‍ദാര്‍ സ്ഥലത്തെത്തി സംസാരിച്ചെങ്കിലും ഇയാള്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല.

തുടര്‍ന്ന് ഇയാള്‍ പുറത്തുള്ളവരോട് സംസാരിക്കുന്നതിനിടയില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മുറിയുടെ വാതില്‍ ചവിട്ട് പൊളിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നാലോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആത്മഹത്യക്കൊരു നിന്ന ഇയാളെ കീഴ്പ്പെടുത്തിയത്.
أحدث أقدم