സുഹൃത്തുക്കൾ നോക്കിനിൽക്കെ അപകടം; കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു


മലപ്പുറം: നിറമരുതൂർ കാളാട് പട്ടർപറമ്പിൽ കനോലി കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധീഖിന്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കനാലിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികളുടെ ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അരമണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് രണ്ടു പേരെയും കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെയും രക്ഷിക്കാനായില്ല. കുളിക്കുന്നതിനിടയിൽ കനാലിലെ ആഴം കൂടിയ ഭാഗത്ത് അകപ്പെട്ടതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തുക്കളും അയൽവാസികളുമാണ് അഷ്മിലും അജ്നാസും. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. കാളാട് നൂറുൽ ഹുദാ സുന്നി മദ്റസയിലെ വിദ്യാർഥിയാണ് അഷ്മിൽ. ശറഫുൽ ഇസ്ലാം മദ്റസയിലെ വിദ്യാർഥിയാണ് അജ്നാസ് (സിനു).

أحدث أقدم