കോടിയേരിക്കെതിരെ അപകീർത്തികരമായ പരാമർശം: അധ്യാപികയ്ക്ക് സസ്‌പെൻഷൻ


കണ്ണൂർ: അന്തരിച്ച സിപിഎം നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹികമാധ്യമത്തില്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക വടകര ഓര്‍ക്കാട്ടേരിയിലെ കെ വി ഗിരിജയെയാണ് സസ്പെന്‍ഡ് ചെയ്തത്.

തലശ്ശേരി ഡി ഇ ഒയുടെ നിര്‍ദേശപ്രകാരം സ്‌കൂള്‍ മാനേജരാണ് നടപടിയെടുത്തത്. കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചെന്ന ഒരു ചാനല്‍ വാര്‍ത്തയുടെ കമന്റ് ബോക്സിലായിരുന്നു വിവാദ പരാമര്‍ശം. അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൂത്തുപറമ്പിൽ ക്ലാസ് മുറിയിൽവെച്ച് കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരിയാണ് അധ്യാപിക ഗിരിജ. വാഹനാപകടത്തിൽ ഇരുകൈകളും ഒടിഞ്ഞ് പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. ഇവരുടെ ഭർത്താവാണ് ഫോൺ ഉപയോഗിച്ചതെന്നാണ് വിവരം. വിവാദ കമന്റിനെതിരെ മാനന്തേരി സ്വദേശി പി ജിജോ ആണ് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയത്. ജന നേതാവിനെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് കമന്റെന്നും അതുകൊണ്ടാണ് പരാതി നൽകിയതെന്നും ജിജോ പറഞ്ഞു. തുടർന്ന് പൊലീസ് കേസെടുത്തിരുന്നു.

കോടിയേരി ബാലകൃഷ്ണനെ അപമാനിക്കുന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെയും പൊലീസുകാരനെയും സസ്പെൻഡ‍് ചെയ്തിരുന്നു. ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക് സന്തോഷ് രവീന്ദ്രൻപിള്ളയെ ആണ് രജിസ്ട്രേഷൻ ഐ ജി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. നേരത്തെ ഇയാൾക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ഉറൂബിനെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ജി സ്പർജൻകുമാർ സസ്പെൻഡ് ചെയ്തിരുന്നു. പൊതുജനമധ്യത്തിൽ പൊലീസിനെ താറടിക്കുന്നതാണെന്നും പോസ്റ്റെന്നും സർവീസ് ചട്ട ലംഘനമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
أحدث أقدم