ചെന്നൈ: വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആയതിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്ന് നയൻതാരയും വിഘ്നേഷ് ശിവനും. ആറ് വർഷം മുൻപ് വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നാണ് ഇരുവരും തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് താരദമ്പതികൾ വിശദീകരണവുമായി രംഗത്തെത്തിയത്. ആറ് വർഷം മുൻപ് വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിനുള്ള നടപടികൾ തുടങ്ങിയതെന്നും ഇരുവരും ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകളും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചുണ്ട്. നിലവിലെ നിയമ പ്രകാരം വിവാഹം കഴിഞ്ഞ് അഞ്ച് വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് അനുവദിക്കില്ല. ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചതിന്റെ സന്തോഷം താരങ്ങൾ പങ്കുവെച്ചതിന് പിന്നാലെ വലിയ ചർച്ച തന്നെ നടന്നിരുന്നു. തുടർന്നാണ് നിയമവശങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് താരദമ്പതികൾ വാടകഗർഭധാരണത്തിനുള്ള നിയമങ്ങൾ ലംഘിച്ചോയെന്ന് അന്വേഷിക്കുന്നത്. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കിൽ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടകഗർഭധാരണം തെരഞ്ഞെടുക്കാവൂ എന്നതടക്കമുള്ള കർശന ചട്ടങ്ങൾ ലംഘിച്ചെന്ന വിവാദത്തെ തുടർന്ന് ആരോഗ്യവകുപ്പ് സമിതി അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇക്കൊല്ലം നിലവിൽ വന്ന നിയമഭേദഗതി ജൂൺ 22നാണു വിജ്ഞാപനം ചെയ്തതും പ്രാബല്യത്തിലായതും. അതിനു മുൻപേ വാടകഗർഭധാരണ നടപടികൾ പൂർത്തിയാക്കിയതിനാൽ ഇതു ബാധകമാകില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങളിൽ വാസ്തവമില്ലെന്നും താരദമ്പതികളുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
നിയമപ്രശ്നങ്ങളില്ല; വിവാഹം ആറുവര്‍ഷം മുന്‍പേ രജിസ്റ്റര്‍ ചെയ്തെന്ന് നയൻതാരയും വിഘ്നേഷും
jibin
0
Tags
Top Stories