എം എം മണിയുടെ കാർ അപകടത്തിൽപ്പെട്ടു, ഓട്ടത്തിനിടെ പിൻചക്രം ഊരിത്തെറിച്ചു


ഇടുക്കി: ഉടുമ്പൻചോല എംഎൽഎയും മുൻ മന്ത്രിയുമായ എം എം മണിയുടെ വാഹനത്തിൻ്റെ ടയർ ഓട്ടത്തിനിടയിൽ ഊരിത്തെറിച്ച് പോയി. ഇന്ന് ഉച്ചയ്ക്ക് കമ്പംമെട്ട് ടൗണിലാണ് സംഭവം. യാത്രയ്ക്കിടയിൽ വലിയ ശബ്ദം കേട്ട് വാഹനം നിർത്തി നോക്കിയപ്പോഴാണ് ടയർ ഊരിത്തെറിച്ച് പോയതായി കാണുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. എം.എം മണി ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നു. കമ്പംമെട്ടിൽ പൊതുപരിപാടിയിൽ പങ്കെടുക്കുവാൻ നെടുങ്കണ്ടത്ത് നിന്നും എത്തിയതായിരുന്നു എംഎൽഎ. വാഹനത്തിൻ്റെ പിൻചക്രം  ഊരിത്തെറിക്കുകയായിരുന്നു. ടയർ മാറ്റി പരിപാടിയിൽ പങ്കെടുത്ത ശേഷം നെടുങ്കണ്ടം, നാലുമുക്ക് എന്നിവിടങ്ങളിലെ പരിപാടികളിലും പങ്കെടുത്ത് എം എം മണി പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. മുമ്പും രണ്ടു തവണ എം എം മണിയുടെ വാഹനത്തിന് സമാനമായ രീതിയിൽ അപകടം ഉണ്ടായിട്ടുണ്ട്.

أحدث أقدم