തലച്ചോറില്‍ 'നാല് വെടിയുണ്ട'കളുമായി ആറുമാസം; അത്യപൂര്‍വ ശസ്ത്രക്രിയ, ജീവിതം തിരിച്ചുകിട്ടിയ സന്തോഷത്തില്‍ യുവാവ്


കൊച്ചി: തലച്ചോറില്‍ നാല് വെടിയുണ്ടകളുമായി ആറുമാസത്തോളമാണ് പ്രദീപ് കുമാര്‍ (32) കഴിഞ്ഞത്. അത്യപൂര്‍വ ശസ്ത്രക്രിയയിലൂടെ ജീവന്‍ തിരികെപ്പിടിച്ച സന്തോഷത്തിലാണ് ഇടുക്കി മൂലമറ്റം സ്വദേശിയായ പ്രദീപ്. കൂട്ടുകാരനായ സനലിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കഴിഞ്ഞ മാര്‍ച്ച് 26 നാണ് പ്രദീപിന് വെടിയേറ്റത്.'വെടിയേറ്റതാണെന്ന് എനിക്കാദ്യം മനസിലായില്ല. തേനീച്ച കുത്തുന്നതുപോലെ എന്തോ ഒന്ന് തറഞ്ഞുകയറുന്നതായി തോന്നി. പിന്നെ ഒന്നും ഓര്‍മ ഉണ്ടായിരുന്നില്ല. അബോധാവസ്ഥയില്‍ കഴിഞ്ഞ കുറെ ദിവസങ്ങള്‍ക്കു ശേഷം ഡോക്ടര്‍ പറഞ്ഞപ്പോഴാണ് തലച്ചോറില്‍ നാല് വെടിയുണ്ടകള്‍ തറഞ്ഞിരിക്കുന്നുണ്ടെന്ന് മനസിലായത്', പ്രദീപിന്റെ വാക്കുകള്‍.ആറു മാസത്തോളം തലച്ചോറില്‍ വെടിയുണ്ടകളുമായാണ് കഴിഞ്ഞിരുന്നതെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് പ്രദീപ് പറയുന്നു. മൂലമറ്റത്തെ തട്ടുകടയില്‍ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഒരു യുവാവാണ് ചുറ്റുമുണ്ടായിരുന്ന ആളുകളുടെ നേര്‍ക്ക് വെടിയുതിര്‍ത്തത്. ആ സമയത്ത് ബൈക്കില്‍ അതുവഴി വരികയായിരുന്ന പ്രദീപിനും സനലിനുമാണ് വെടിയേറ്റത്. സംഭവസ്ഥലത്തു തന്നെ സനല്‍ മരിച്ചപ്പോള്‍ ഗുരുതര പരിക്കുകളോടെ പ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന്, പ്രദീപിന്റെ ഓര്‍മയും കാഴ്ചും കേള്‍വിയുമൊക്കെ കുറഞ്ഞു. കാക്കനാട് സണ്‍റൈസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തലച്ചോറിന്റെ മറ്റു ഭാഗങ്ങളില്‍ ക്ഷതമേല്‍ക്കാതിരിക്കുക എന്നതായിരുന്നു ശസ്ത്രക്രിയ നടത്തുമ്പോഴുള്ള വലിയ വെല്ലുവിളി. കുവൈറ്റില്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന പ്രദീപ് നാട്ടില്‍ മടങ്ങിയെത്തി മാള്‍ട്ടയിലേക്കു ജോലിക്കു പോകാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. ഇപ്പോള്‍ ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള ശ്രമത്തിലാണ് പ്രദീപ്.

أحدث أقدم