കാക്കനാട് : ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പെട്രോൾ പമ്പിലൂടെ അപകടകരമായരീതിയിൽ ചുറ്റിപ്പറന്ന് വിദ്യാർഥികളെയും വാഹനയാത്രക്കാരെയും നാട്ടുകാരെയുമെല്ലാം കുറച്ചുനേരം മുൾമുനയിൽ നിർത്തിച്ച് ഒരു ടൂറിസ്റ്റ് ബസ്. സാഹസികമായ രീതിയിൽ വാഹനമോടിച്ച് “ഷോ” കാട്ടിയപ്പോൾ ഡ്രൈവർ പ്രതീക്ഷിച്ചത് ഇപ്പോൾ തനിക്കൊരു കയ്യടി കിട്ടുമെന്നാണ്.
എന്നാൽ സംഭവിച്ചത് മറിച്ചാണ്. റോഡിലെ മറ്റു യാത്രക്കാർക്ക് അപകടം ഉണ്ടാകും വിധം വാഹനമോടിച്ചു എന്നപേരിൽ ഡ്രൈവറെ മോട്ടോർ വാഹനവകുപ്പ് നല്ലനടപ്പിനും നിയമങ്ങളെല്ലാം ഒന്നുകൂടെ ഓർമ്മിപ്പിക്കാനും വേണ്ടി പിടികൂടി ക്ലാസിൽ ഇരുത്തി.
ബസ് ഡ്രൈവറായ തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി അരുൺ ഹരിക്കാണ് എറണാകുളത്ത് വന്ന് ക്ലാസിൽ ഇരുന്നു ‘പഠിക്കാൻ’ അവസരമൊരുക്കിയത്. തിങ്കളാഴ്ച രാവിലെ സീപോർട്ട്-എയർപോർട്ട് റോഡിൽ സൺറൈസ് ആശുപത്രിക്ക് സമീപത്തെ പെട്രോൾ പമ്പിലാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ കൈവിട്ടകളി അരങ്ങേറിയത്.
തൃശ്ശൂരിൽനിന്ന് വിദ്യാർഥികളുമായി പള്ളിക്കരയിലെ വാട്ടർ തീം പാർക്കിലേക്ക് വന്ന ബസാണ് സീപോർട്ട് റോഡിലെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ അലക്ഷ്യമായി വാഹനമോടിച്ച് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കൂടാതെ റോഡരികിലുള്ള പെട്രോൾ പമ്പിലേക്ക് ബസ് അമിത വേഗത്തിൽ ഓടിച്ചുകയറ്റി വളച്ചെടുത്ത് മറ്റൊരു ‘ഷോ’ കൂടി.
വണ്ടിയുടെ വരവുകണ്ട് പമ്പിലെ ജീവനക്കാരും പകച്ചു. ഡ്രൈവറുടെ ഈ സർക്കസ് നേരിൽകണ്ട നാട്ടുകാർ വണ്ടി നമ്പർ സഹിതം എറണാകുളം ആർ.ടി. ഓഫീസിൽ വിവരം അറിയിച്ചു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷ് ഉടനടി വണ്ടി നമ്പർ വഴി ഉടമയെ ബന്ധപ്പെട്ടു. തുടർന്ന് ഡ്രൈവറെ ഫോണിൽ ‘പിടികൂടി’. ആർ.ടി. ഓഫീസിൽ ഹാജരായ ഡ്രൈവർക്ക് ആദ്യം താക്കീത് നൽകി. തുടർന്ന് എറണാകുളത്തെത്തി റോഡ് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാൻ കർശന നിർദ്ദേശം നൽകി.