പത്തനംതിട്ട: ഒന്നര നൂറ്റാണ്ട് മുന്നിലെ ആരാധന അതെ സ്ഥലത്ത് അതെ തരത്തിൽ രൂപപ്പെടുത്തി റാന്നി മാർത്തോമാ ഇടവക. പൂർവ പിതാക്കളുടെ സ്മരണയിൽ പത്തനംതിട്ട റാന്നിയിലെ അദ്യ മാർത്തോമാ ദേവാലയം പുനസൃഷ്ടിക്കുകയാണ് വൈക്കം മാർത്തോമാ ഇടവകയിലെ വിശ്വാസികൾ. 150 ആണ്ടുകൾക്ക് മുൻപ്, ക്രൈസ്തവ ആരാധനയ്ക്കായി, തിരുവിതാംകുർ മഹാരാജാവ് അനുവദിച്ച് നൽകിയ സ്ഥാനത്താണ്, ഓല മേഞ്ഞ ആദ്യ ദേവാലയം നിർമിച്ചത്. ഇവിടെ തന്നെയാണ് അതെ തരത്തിൽ പുനസൃഷ്ടിച്ച് ഞായറാഴ്ച ആരാധന നടത്തിയത്. 150 ആണ്ടുകൾക്ക് മുൻപ് റാന്നിയിലെ 14 ക്രൈസ്തവ കുടുംബങ്ങൾ ചേർന്ന് ആരാധനയ്ക്കായി നിർമിച്ച വൈക്കത്ത് കുന്നിൻ്റെ മുകളിലെ ചെറിയ പള്ളിയാണ് പുതുതലമുറ അതേ മാതൃകയിൽ പുനസൃഷ്ടിച്ചത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഗതാഗത സൗകര്യം കണക്കിലെടുത്ത് മന്ദിരം പടിയിൽ പള്ളി പണിഞ്ഞ് ആരാധന അവിടേക്ക് മാറ്റി. ഇടവകയുടെ ഉടമസ്ഥതയിലുള്ള വൈക്കത്ത് കുന്നിൽ റബർ കൃഷി ആരംഭിച്ചെങ്കിലും പഴയ പള്ളിയുടെ തറ അവിടെ നില നിന്നു. ഇപ്പോൾ വൈക്കം മാർത്തോമാ സഭയുടെ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പഴയ പള്ളി നിന്ന സ്ഥാനത്ത് അതേ മാതൃകയിൽ പള്ളി പുനസ്ഥാപിച്ചത്. ചെറിയ മരത്തൂണുകൾക്ക് മുകളിൽ മുളങ്കമ്പ് കൊണ്ടു നിർമിച്ച് ഓല മേഞ്ഞ മേൽക്കൂരയും മെടഞ്ഞ ഓലകളും കണയോലകളും കൊണ്ട് മറച്ച വശങ്ങളും റാന്തൽ വിളക്കുമെല്ലാമായി പഴമ ഒട്ടും ചോരാതെ പുനസൃഷ്ടിച്ച പള്ളിയിൽ റവ. റ്റി കെ വർഗീസിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ ആരാധന നടത്തി. പൂർവികർ ആരാധന നടത്തിയ സ്ഥലത്ത് അവരെ സ്മരിച്ചു കൊണ്ട് ആരാധന നടത്താൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നതായി വിശ്വാസികൾ പറയുന്നു. മാർത്തോമാ സഭയുടെ റാന്നിയിലെ മൂലസ്ഥാനമായ വൈക്കത്ത് കുന്ന് പള്ളിയിൽ നിന്ന് തെളിയിച്ച ദീപശിഖാ പ്രയാണത്തോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വൈക്കം ഇടവകയുടെ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങൾക്കും തുടക്കമായി.