കാമുകൻ ജ്യൂസ് വാങ്ങി നൽകി; മടങ്ങിയെത്തിയപ്പോൾ മുതൽ അഭിതയ്ക്ക് വയറുവേദന, 19കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

 


തിരുവനന്തപുരം: കാമുകന്‍ നല്‍കിയ ശീതളപാനിയം കുടിച്ചതിന് പിന്നാലെ യുവതി മരിച്ചതായി പരാതി. ശീതളപാനിയം കുടിച്ചതിന് പിന്നാലെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയാണ് മരിച്ചത്. കേരളാ-തമിഴ്‌നാട് അതിര്‍ത്തിയ്ക്ക് സമീപം കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടില്‍ അഭിതയാണ് മരിച്ചത്. 19 വയസായിരുന്നു. അഭിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ശീതളപാനിയം നല്‍കിയ അഭിതയുടെ ആണ്‍സുഹൃത്തിനെതിയെ മാതാവ് തങ്കഭായി നിദ്രവിള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അഭിതയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവ് ഇതില്‍ നിന്നും പെട്ടെന്ന് പിന്‍മാറിയെന്നും ഇതിന് പിന്നാലെ അഭിതയെ ഒഴിവാക്കാന്‍ ശ്രമം നടത്തിയിരുന്നെന്നുമാണ് അഭിതയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. പാറശാല ഷാരോണ്‍ കേസിന് സമാനമായി യുവാവ് വിഷം കലര്‍ത്തിയ ശീതളപാനിയം അഭിതയ്ക്ക് നല്‍കിയതാകാമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ആണ്‍സുഹൃത്തിനെ കണ്ട് മടങ്ങി വന്നതിന് ശേഷമാണ് അഭിതയ്ക്ക് വയറുവേദന ആരംഭിച്ചത്. ഇയാള്‍ കുടിക്കാനായി ശീതളപാനിയം നല്‍കിയിരുന്നുവെന്ന് അഭിത ബന്ധുക്കളോട് പറഞ്ഞിരുന്നു. വയറുവേദന ശക്തമായതിനെ തുടര്‍ന്ന് മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയില്‍ അഭിതയെ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നാലാം തിയതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടെയാണ് അഭിതയുടെ മരണം. കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിദ്രവിള പോലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
أحدث أقدم