കോട്ടയം : റബ്ബർ വില സ്ഥിരതാ പദ്ധതിയിലൂടെ കർഷകർക്കു നൽകുന്ന അടിസ്ഥാനവില 200/- രൂപയായി ഉയർത്തണമെന്ന് കോട്ടയത്തു ചേർന്ന ഇൻഡ്യൻ റബ്ബർ ഡീലേഴ്സ് ഫെഡറേഷന്റെ 32-ാമത് വാർഷിക സമ്മേളനം സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു.
10 ശതമാനം മാത്രം നൽകി ഇറക്കുമതി ചെയ്യുന്ന റബ്ബർ കോമ്പൗണ്ടിന്റെ ഇറക്കുമതി ഡ്യൂട്ടി 25 ശതമാനമായി അടിയന്തിരമായി വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോടും സമ്മേളനം ആവശ്യപ്പെട്ടു.
രാജ്യത്ത് ആവശ്യമായ തന്ത്രപ്രധാന അസംസ്കൃത വസ്തുവിന്റെ ഉത്പാദനവും, ലഭ്യതയും ഉറപ്പുവരുത്തുന്നതിനും കർഷകരും വ്യാപാരികളും ഈ മേഖലയിൽ നിലനിൽക്കുന്നതിനും ഇത്തരം നടപടികൾ അനിവാര്യമാണെന്നും യോഗം ആവശ്യപ്പെട്ടു
വടക്കേ ഇൻഡ്യൻ സംസ്ഥാനങ്ങളിലെ റബ്ബർ കൃഷി വികസനത്തിനായി രാജ്യത്തെ വ്യവസായികൾ 1100 കോടി രൂപ ചെലവഴിക്കുമ്പോൾ നിലവിലുള്ള റബ്ബറിന്റെ ഉദ്പാദനം വർദ്ധിപ്പിക്കുന്നതിനായി തെക്കെ ഇൻഡ്യൻ സംസ്ഥാനങ്ങളിൽ 250/- കോടി രൂപയെങ്കിലും അടിയന്തിരമായി നൽകണമെന്നും ATMAയോടും ആവശ്യപ്പെട്ടു.
ഈ തുക ടാപ്പർ ഇൻസെന്റീവ്, ടാപ്പിംഗ് മെഷീൻ, പുകപ്പുര, മെക്കനൈസ്ഡ് ഷീറ്റ്, റബ്ബർ റോളർ എന്നിവയ്ക്ക് ധനസഹായമായി നൽകണം. കേരളത്തിൽ റീപ്ലാന്റിംഗ് വർദ്ധിപ്പിക്കുവാൻ സംസ്ഥാന സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജോർജ്ജ് വാലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളായി ജോസ് മാമ്പറമ്പിൽ പാലാ രക്ഷാധികാരി, ജോർജ്ജ് വാലി പ്രസിഡൻ്റ് കോട്ടയം, ലിയാഖത്ത് അലിഖാൻ, ജനറൽ സെക്രട്ടറി മലപ്പുറം, ബിജു പി. തോമസ് ട്രഷറർ, പത്തനംതിട്ട, വൈസ് പ്രസിഡന്റ്മാരായി രാജൻ ദാമു കൊല്ലം, സണ്ണി ജോൺ കൂത്താട്ടുകുളം, ഡിറ്റോ തോമസ് കോഴിക്കോട്. സെക്രട്ടറിമാരായി പി. പ്രശാന്ത് തിരുവനന്തപുരം, വിൻസന്റ് എബ്രഹാം, കോതമംഗലം, മുസ്തഫ കമാൽ, പാലക്കാട് എന്നിവരെ തിരഞ്ഞെടുത്തു.