ദോഹ: ആറ് താരങ്ങള്‍ തങ്ങളുടെ പേര് സ്‌കോര്‍ഷീറ്റില്‍ കുറിച്ചപ്പോള്‍ കോസ്റ്ററിക്കയെ തച്ചുതകര്‍ത്ത് സ്‌പെയ്ന്‍. 11ാം മിനിറ്റില്‍ ഡാനി ഒല്‍മോ തുടങ്ങി വെച്ച ഗോള്‍ വേട്ട ഇഞ്ചുറി ടൈമില്‍ വല കുലുക്കി അല്‍വാരോ അവസാനിപ്പിക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡ് 7-0. യുവ താരങ്ങളുടെ കരുത്തില്‍ നിറഞ്ഞെത്തിയ സ്‌പെയ്‌നിന് ഖത്തറില്‍ ആവേശ തുടക്കം.
സ്‌പെയ്‌നിന്റെ ലോകകപ്പിലെ ഗോള്‍ മാര്‍ജിനിലെ ഏറ്റവും വലിയ വിജയമാണ് ഇത്. ഫെറാന്‍ ടോറസ് ഇരട്ട ഗോള്‍ നേടി. ജര്‍മനിയെ ജപ്പാന്‍ മലര്‍ത്തിയടിച്ചതിന്റെ ഞെട്ടലില്‍ ലോകം നില്‍ക്കെ വന്ന ഗ്രൂപ്പ് ഇയിലെ മറ്റൊരു പോരില്‍ സ്‌പെയ്ന്‍ തുടക്കം മുതല്‍ കോസ്റ്ററിക്ക ഗോള്‍ മുഖത്ത അപകടം വിതച്ചു. ഫെറാന്‍ ടോറസ്, ഓല്‍മോ, അസെന്‍,ിയോ, ഗാവി, കാര്‍ലോസ് സോളര്‍, അല്‍വാരോ മൊറാട്ട എന്നിവരാണ് സ്‌പെയ്‌നിനായി വല കുലുക്കിയത്.
സ്‌പെയ്‌നില്‍ നിന്ന് വന്നത് 1043 പാസുകൾ
സ്‌പെയ്‌നിന്റെ പാസിങ് മാജിക്കില്‍ കോസ്റ്ററിക്കയുടെ താരങ്ങള്‍ക്ക് മറുപടിയുണ്ടായില്ല. പാസിങ്ങുകളുടെ മികവില്‍ വിസ്മയിപ്പിച്ച സ്‌പെയ്ന്‍ ലോകകപ്പിലെ റെക്കോര്‍ഡുകളിലൊന്നും തങ്ങളുടെ പേരിലാക്കി. ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പാസുകള്‍ കളിച്ച ടീം എന്ന നേട്ടമാണ് സ്‌പെയ്ന്‍ സ്വന്തമാക്കുന്നത്. കോസ്റ്ററീക്കക്കെതിരെ സ്‌പെയ്‌നില്‍ നിന്ന് വന്നത് 1043 പാസുകള്‍. അതില്‍ 93 ശതമാനം പാസ് കൃത്യതയും...
മുന്നേറ്റ നിരയിലേക്ക് നിരന്തരം പന്ത് എത്തിക്കാന്‍ സ്‌പെയ്‌നിന്റെ മധ്യനിരയ്ക്ക് സാധിച്ചു. കോസ്റ്ററിക്കയ്ക്ക് എതിരെ വന്ന സ്‌പെയ്‌നിന്റെ ആദ്യ ഗോള്‍ അവരുടെ ലോകകപ്പിലെ 100ാമത്തെ ഗോളുമായി. കോസ്റ്ററിക്ക താരത്തിന്റെ ദേഹത്ത് തട്ടി ലഭിച്ച പന്ത് ഒല്‍മോ വലയിലെത്തിച്ചതോടെയാണ് സ്‌പെയ്്ന്‍ ഗോള്‍ വേട്ട ആരംഭിച്ചത്.
ഫെറാന്‍ ടോറസിന് ഇരട്ട ഗോൾ
21ാം മിനിറ്റില്‍ ആല്‍ബ നല്‍കിയ ക്രോസില്‍ നിന്ന് അസെന്‍സിയോ ലക്ഷ്യം കണ്ടാണ് സ്‌പെയ്ന്‍ ലീഡ് 2-0 ആക്കിയത്. ആല്‍ബയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഫെറാന്‍ ടോറസ് ലീഡ് 3-0 ആക്കി ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിലും ഗോളടി പൂരം തന്നെ സ്‌പെയ്‌നില്‍ നിന്ന് വന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കോസ്റ്ററിക്ക പ്രതിരോധനിര താരങ്ങളെ വെട്ടിച്ച് ഫെറാന്‍ ടോറസ് വല കുലുക്കി തന്റെ കളിയിലെ ഗോള്‍ നേട്ടം രണ്ടാക്കി. 74ാം മിനിറ്റില്‍ ഗാവിയുടെ ഊഴമായിരുന്നു. മൊറാട്ട നല്‍കിയ ക്രോസില്‍ നിന്ന് ഫസ്റ്റ് ടച്ച് ഷോട്ടിലൂടെ ഗാവി വല കുലുക്കി. അവസാന മിനിറ്റുകളില്‍ സബ്‌സ്റ്റിറ്റിയൂട്ടായി വന്ന സോളറും പിന്നാലെ മൊറാട്ടയും വല കുലുക്കിയതോടെ ഖത്തറില്‍ സ്‌പെയ്ന്‍ വസന്തം...