ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; രണ്ടുഘട്ട വോട്ടെടുപ്പ്; ഫലപ്രഖ്യാപനം ഡിസംബര്‍ എട്ടിന്

 ന്യൂഡല്‍ഹി : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

 ഒന്നാംഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
ഡിസംബര്‍ എട്ടിന് തന്നെയാണ് ഹിമാചലിലെയും വോട്ടെണ്ണല്‍. 

ഒന്നാംഘട്ടത്തില്‍ 89 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിലും 93 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. വിജ്ഞാപനം നവംബര്‍ അഞ്ചാം തീയതി പുറത്തിറക്കും. രണ്ടാംഘട്ട വിജ്ഞാപനം പത്താം തീയതി പുറത്തിറക്കും. ആദ്യഘട്ടവോട്ടെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം നവംബര്‍ 14ഉം രണ്ടാംഘട്ട വോട്ടെടുപ്പിന്റെ നാമനിര്‍ദേശിക പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം നവംബര്‍ 17ഉം ആണ്. 

ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിനകം തന്നെ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കള്‍ സംസ്ഥാനത്തെത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരഭിച്ചിട്ടുണ്ട്. മുന്‍തൂക്കം ബിജെപിക്ക് തന്നെയാണെങ്കിലും ഇത്തവണ ആം ആദ്മി പാര്‍ട്ടി കൂടി സജീവമായി രംഗത്തുവന്നതോടെ ചില മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങും.

കഴിഞ്ഞ തവണ 182 സീറ്റുകളില്‍ 111 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം ഉറപ്പിച്ചത്. പ്രതിപക്ഷത്തിന് 66 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക് മാറിയതോടെ കഴിഞ്ഞ സീറ്റുകള്‍ നിലനിര്‍ത്താനാകുമോയെന്ന് കണ്ടറിയണം.

 ഇത്തവണയും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് ചില സര്‍വെകള്‍ പറയുന്നത്.


أحدث أقدم