എലത്തൂർ: വീട്ടുമുറ്റത്ത് ചാരായം വാറ്റുന്നതിനിടെ വാഷും വാറ്റുപകരണങ്ങളുമായി ഹോംഗാർഡ് പിടിയിൽ. വേങ്ങേരി, കരുവിശ്ശേരി സ്വദേശി വൈഷ്ണവമാതവീട്ടിൽ കൃഷ്ണ സ്വാമി (56) ആണ് അറസ്റ്റിലായത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. സുധാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആണ് ഇയാളെ പിടികൂടിയത്.
എട്ട് ലിറ്റർ ചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഗ്യാസ് അടുപ്പും എക്സൈസ് സംഘം സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡായ ഇയാൾ മിലിട്ടറിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്.
എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജി, പ്രിവന്റീവ് ഓഫീസർമാരായ പ്രിയരഞ്ജൻ, പി. മനോജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപക്, ടി.വി. നൗഷീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.