കോട്ടയം ജില്ലയിൽ കനത്ത മഴ; മെഡിക്കൽ കോളേജിൽ വെള്ളക്കെട്ട്; വലഞ്ഞ് രോഗികൾ


കോട്ടയം (Kottayam): കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ കനത്ത മഴ. വെള്ളിയാഴ്ച ഉച്ചയോടെ ആണ് കോട്ടയം നഗരത്തിൽ അടക്കം കനത്ത മഴ ആരംഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ അടക്കം വെള്ളക്കെട്ടും ഉണ്ടാകുന്നുണ്ട്. കനത്ത മഴയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് പഴയ അത്യാഹിത വിഭാഗത്തിൽ വെള്ളക്കെട്ട് ഉണ്ടായി. നിലവിൽ ഒപിയായി പ്രവർത്തിക്കുന്ന പഴയ അത്യാഹിത വിഭാഗത്തിലാണ് കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. പഴയ അത്യാഹിത വിഭാഗത്തിന് മുന്നിലെ റോഡ് നവീകരിച്ചപ്പോൾ ഓട നിർമിച്ചിരുന്നില്ല. ഇതോടെ മഴ പെയ്യുമ്പോൾ പഴയ അത്യാഹിത വിഭാഗത്തിന് മുമ്പിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നതായാണ് പരാതി. അത്യാഹിത വിഭാഗത്തിന് മുന്നിലെ പാർക്കിങ് ഏരിയയിൽ അടക്കം കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ രോഗികളും ബന്ധുക്കളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. ആയിരക്കണക്കിന് രോഗികളാണ് ദിവസവും ഇവിടെ എത്തിച്ചേരുന്നത്. മുട്ടറ്റം വെള്ളം നിറഞ്ഞത് ആശുപത്രിയിൽ എത്തുന്നവരെ ദുരിതത്തിലാക്കി. ഓടയിലൂടെ വെള്ളം പോകാത്തതാണ് മെഡിക്കൽ കോളേജിൽ വെള്ളം കയറാൻ കാരണമായി പറയുന്നത്. അതേസമയം കോട്ടയം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. നാളെയും മറ്റന്നാളും ജില്ലയിൽ യെല്ലോ അലർട്ടു പ്രഖ്യാപിച്ചിട്ടുണ്ട്.


أحدث أقدم