എംജി സര്‍വകലാശാലയിലെ അധ്യാപക നിയമനം; മാനദണ്ഡം പുതുക്കണമെന്നഹൈക്കോടതി ഉത്തരവിന് സ്റ്റേ


കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന്റെ മാര്‍ക്ക് നിര്‍ണയവുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. 

ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാര്‍ക്ക് നിശ്ചയിച്ചത് ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് സര്‍വകലാശാല നല്കിയ ഹര്‍ജിയിലാണ് ജഡ്ജിമാരായ പി.എസ്. നരസിംഹ, ജെ.ബി. പര്‍ദ്ദിവാലാ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. 

സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയുടെ അഭിമുഖത്തിന് പരമാവധി 50 മാര്‍ക്കും അധ്യാപന അഭിരുചിക്ക് 10 മാര്‍ക്കും ഗവേഷണ അഭിരുചിക്ക് 20 മാര്‍ക്കും വിഷയത്തിലെ അറിവിന് 10 മാര്‍ക്കും നല്കാമെന്നായിരുന്നു സര്‍വകലാശാല വിജ്ഞാപനത്തിലെ വ്യവസ്ഥ. ഇതു റദ്ദാക്കിയ ഹൈക്കോടതി ഒരു മാസത്തിനുള്ളില്‍ പുതിയ മാനദണ്ഡം പുറത്തിറക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍വകലാശാല സുപ്രീം കോടതിയെ സമീപിച്ചത്.
അധ്യാപക നിയമന നടപടികള്‍ അക്കാദമിക വിഷയമാണെന്നും ഇതില്‍ കോടതി ഇടപെടല്‍ ഒഴിവാക്കണമെന്നും മാനദണ്ഡങ്ങള്‍ നിശ്ചിയിക്കാനുള്ള അധികാരം സര്‍വകലാശാലയ്ക്കാണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍വകലാശാലയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗ്, സാക്ഷി കാക്കര്‍, ഹൈക്കോടതിയിലെ സര്‍വകലാശാലാ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ സുരിന്‍ ജോര്‍ജ് ഐപ്പ് എന്നിവര്‍ ഹാജരായി.
أحدث أقدم