പത്തനംതിട്ടയിൽ 'ഭയങ്കരനൊരു കടുവ, പശുവിൻ്റെ മുകളിലേക്ക് എടുത്തുചാടി'; ഭയന്ന് വിറച്ച് അച്യുതനും ഉഷയും


പത്തനംതിട്ട: ജനവാസ മേഖലയിൽ പട്ടാപ്പകൽ ഇറങ്ങിയ കടുവ ആറ് മാസം ഗർഭിണി ആയ പശുവിനെ ഉടമയുടെ മുന്നിൽ വെച്ചു കടിച്ചു കൊന്നു. റാന്നി പെരുന്നാട്ടിലാണ് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയുടെ അതിക്രമം. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഈറനിൽക്കുന്നതിൽ അച്യുതൻ്റെ പശുവിനെ കടുവ ആക്രമിച്ച് കൊന്നത്. രാത്രികാലങ്ങളിൽ മാത്രം ഈ മേഖലയിൽ എത്തിയിരുന്ന കടുവ ഇപ്പോൾ പട്ടാപ്പകലും നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങിയതോടെ ചിറ്റാർ കട്ടച്ചിറ നിവാസികൾ കൂടുതൽ ഭീതിയിലായി. കൺ മുന്നിൽ വെച്ചു തന്നെ സ്വന്തം പശുവിനെ ആക്രമിച്ച് കൊല്ലുന്ന കടുവയുടെ വീര്യം നേരിട്ടു കണ്ട ദമ്പതികളുടെ ഭയം ഇനിയും വിട്ടുമാറിയിട്ടില്ല. പകൽ സ്ഥിതി ഇതാണെകിൽ രാത്രിയുടെ മറവിൽ ഇനി ആരെയാകും ഇരയാക്കുക എന്ന ആശങ്കയിലാണ് വനാതിർത്തിയിലെ ഗ്രാമവാസികൾ.  കട്ടച്ചിറയിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടു കൂടിയാണ് കടുവയുടെ ആക്രമണം നടന്നത്. കട്ടച്ചിറ ഈറനിൽക്കുന്നതിൽ വീട്ടിൽ അച്യുതന്റെ ഉടമസ്ഥതയിലുള്ള രണ്ടു പശുക്കളിൽ ഒന്നിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. അച്യുതനും ഭാര്യയും നോക്കി നിൽക്കുമ്പോഴാണ് സംഭവം. രാവിലെ അച്യുതനും ഭാര്യ ഉഷയും വീടിനു സമീപമുള്ള തോട്ടിൽ പശുക്കളെ കുളിപ്പിക്കാൻ കൊണ്ടു വന്ന സമയത്താണ് ആക്രമണം ഉണ്ടായത്. ഒരു പശുവിനെ തോടിന്റെ കരയിൽ കെട്ടിയിരുന്നു. മറ്റൊന്നിനെ അച്യുതൻ തോട്ടിൽ കുളിപ്പിക്കുകയായിരുന്നു. ഭാര്യ ഉഷ തോട്ടിൽ തുണി കഴുകുകയുമായിരുന്നു. പശുവിന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ട് നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. കരയിൽ കെട്ടിയിരുന്ന പശുവിനെ കടുവ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നതു കണ്ട് പേടിച്ച് റോഡിലേക്ക് കയറി ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാർ കൂടിയപ്പോഴേക്കും കടുവ പശുവിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടി. പശുവിനെ കുളിപ്പിച്ച ശേഷം അടുത്ത പുരയിടത്തിലേക്ക് മാറ്റിക്കെട്ടിയപ്പോഴാണ്, കടുവ ആക്രമിച്ചതെന്ന് അച്യുതനും ഭാര്യ ഉഷയും പറഞ്ഞു. ഭയന്ന് പോയ ഇരുവരും ബഹളം വെച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് കയറിപ്പോവുകയായിരുന്നു. വനമേഖലയോട് ചേർന്ന പ്രദേശമാണെങ്കിലും കടുവയുടെ സാന്നിധ്യം ആദ്യമായാണ് ഉണ്ടാകുന്നത്. കഴിഞ്ഞ മാസം 21 ന് ഇവിടെ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ വടശേരിക്കര മുക്കുഴിയിലും കടവ ഇറങ്ങി പോത്തിനെ കൊന്നിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കെ യു ജനീഷ് കുമാർ എംഎൽഎയും സ്ഥലം സന്ദർശിച്ച് അച്യുതനോടും ഉഷയൊടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. കടുവയെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പ് നൽകി.


أحدث أقدم